ADVERTISEMENT

കണ്ണൂർ ∙ വിദേശവിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിന് (IXB) പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചു. കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവിക്കായി എംപിമാരും വിവിധ സംഘടനകളും നിരന്തരം ആവശ്യമുയർത്തിയപ്പോൾ, കൂടുതൽ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കില്ല എന്നായിരുന്നു പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നത്. 

ഗോവയിലെ മോപ്പ വിമാനത്താവളത്തിൽനിന്ന് വിദേശവിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിഞ്ഞ വർഷം അനുമതി നൽകിയപ്പോഴും കേരളത്തിൽ നിന്നുള്ള എംപിമാർ കണ്ണൂരിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡാബോളിം (GOI) വിമാനത്താവളത്തിലെ സർവീസുകൾ മോപ്പയിലേക്ക് (GOX) മാറ്റാൻ (സ്വാപ്പിങ്) അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും മോപ്പയ്ക്ക് പോയിന്റ് ഓഫ് കോൾ പദവി നൽകിയിട്ടില്ല എന്നുമായിരുന്നു അന്ന് വ്യോമയാനമന്ത്രിയായിരുന്ന വി.കെ.സിങ് മറുപടി നൽകിയത്. കഴിഞ്ഞദിവസം ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി മുരളിധർ മോഹൽ നൽകിയ മറുപടിക്കൊപ്പമുള്ള പട്ടികയിലാണ് പോയിന്റ് ഓഫ് കോൾ പദവിയുള്ള വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ബാഗ്ദോഗ്രയെയും ചേർത്തിട്ടുള്ളത്. 

കേന്ദ്രസർക്കാരിന്റ തീരുമാനം ബംഗാളിന്റെ വടക്കൻ മേഖലയിൽ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് ഡാർജിലിങ് എംപി രാജു ബിസ്ത ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. വിനോദസഞ്ചാര പ്രോത്സാഹന നയത്തിന്റെ ഭാഗമായി ആസിയാൻ, സാർക് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി മാത്രമായിരുന്നു നേരത്തേ ബാഗ്ദോഗ്ര വിമാനത്താവളത്തിന് നൽകിയിരുന്നത്. 

ഇതുപ്രകാരം ഭൂട്ടാനിൽ നിന്നുള്ള ഡ്രൂക് എയർ മാത്രമാണ് നിലവിൽ ബാഗ്ദോഗ്രയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നത്. രാജ്യത്തെ 18 വിമാനത്താവളങ്ങളിലേക്ക് നിർബാധം സർവീസ് നടത്താൻ  ആസിയാൻ രാജ്യങ്ങളിൽനിന്നും പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള സാർക് രാജ്യങ്ങളിൽ നിന്നുമുള്ള വിമാനക്കമ്പനികൾക്ക് അനുമതിയുണ്ട്. ഈ ഇളവ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു കൂടി ബാധകമാക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നില്ല. 

English Summary:

Kannur Airport's Continued Battle for International Flight Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com