ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്; പ്ലസ്‍വൺ വിദ്യാർഥിക്കു ക്രൂരമർദനം
Mail This Article
പാനൂർ ∙ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ‌്‍വൺ വിദ്യാർഥി പാറാട് സർവീസിനു സ്റ്റേഷനു സമീപം മാനസത്തിൽ മെൽബിനു (16) നേരെ സീനിയർ വിദ്യാർഥികളുടെ ആക്രമണം. ക്രൂരമായ മർദനത്തിൽ പരുക്കേറ്റ മെൽബിനെ പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
മുഖത്തും പിൻഭാഗത്തുമാണ് അടിയേറ്റത്. മെൽബിനെ സ്കൂളിൽ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പാനൂർ ബസ് സ്റ്റാൻഡിലെത്തി സംഘം മർദിച്ചത്. സ്റ്റാൻഡിൽ ബസിനു കാത്തു നിൽക്കുകയായിരുന്ന മെൽബിനെ തിരഞ്ഞു പിടിച്ചു മർദിക്കുകയായിരുന്നു. മറ്റൊരു ബസിൽ എത്തിയ 20 പേരടങ്ങുന്ന പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. സൗഹൃദ ഭാവത്തിൽ സ്റ്റാൻഡിലെത്തിയ സംഘം പരസ്യമായി തല്ലുകയായിരുന്നു. ഈ സമയത്ത് പൊലീസും സ്ഥലത്തുണ്ടായിരുന്നു. മെൽബിൻ രണ്ടു ദിവസം മുൻപാണ് സ്കൂളിൽ ചേർന്നത്. യൂണിഫോം ഉണ്ടായിരുന്നില്ല. ഷർട്ടിന്റെ ബട്ടൻ ഇടാൻ ആവശ്യപ്പട്ടാണ് തർക്കം തുടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു ഭീഷണി. സംഘം ചേർന്ന് അടിച്ചവരിൽ റാഗിങ്ങിന്റെ പേരിൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയുമുണ്ടായിരുന്നു. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥി നടപടി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് സ്കൂളിൽ വീണ്ടും എത്തിയത്.മെൽബിന്റെ പിതാവ് എം.പി.മനോഹരൻ പാനൂർ പൊലീസിൽ പരാതി നൽകി. പ്ലസ്‍വൺ ക്ലാസ് തുടങ്ങിയതു മുതൽ റാഗിങ് തുടങ്ങിയതായി പരാതിയുണ്ട്.
സ്കൂളിലെ മർദനം: അന്വേഷണം ആരംഭിച്ചതായി പൊലീസ്
തലശ്ശേരി/കണ്ണൂർ∙ തലശ്ശേരി നഗരത്തിലെ സ്കൂളിൽ ക്ലാസിൽ കയറി പ്ലസ് വൺ വിദ്യാർഥിയെയും തടയാനെത്തിയ അധ്യാപികയെയും മർദിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. മർദനമേറ്റ അധ്യാപികയുടെയും വിദ്യാർഥിയുടെയും പരാതി പൊലീസിൽ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട 4 പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി.ഷാജുവിനെ ആക്രമിച്ചെന്ന പരാതിയിൽ 2 പേർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള അധ്യാപക ഒഴിവ് നികത്താത്തത് കൊണ്ട് പഠന പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥ ചർച്ച ചെയ്യുന്നതിനു വേണ്ടി ചേർന്ന യോഗത്തിനിടെയാണ് സ്കൂളിലെ ഒരു അധ്യാപകനോടൊപ്പം എത്തിയ രക്ഷിതാവ് പ്രിൻസിപ്പലിനെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.