കണ്ണൂർ വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം: ഫ്ലൈറ്റ് കാലിബ്രേഷൻ വിജയകരം
Mail This Article
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ ഫ്ലൈറ്റ് കാലിബ്രേഷൻ വിജയകരമായി പൂർത്തിയാക്കി. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ഫ്ലൈറ്റ് ഇൻസ്പെക്‌ഷൻ യൂണിറ്റിൽ നിന്നുള്ള ബീച്ച് ക്രാഫ്റ്റ് 350 വിമാനം ഉപയോഗിച്ചാണ് കാലിബ്രേഷൻ നടത്തിയത്. കാലിബ്രേഷൻ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം കോയമ്പത്തൂർ എയർപോർട്ടിലേക്ക് വിമാനം തിരിച്ചു പോയി. മോശം കാലാവസ്ഥയിലും വിമാനങ്ങൾക്ക് സുരക്ഷിതമായി റൺവേയിൽ ഇറങ്ങുന്നതിനു വേണ്ടി റൺവേയുടെ രണ്ട് വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിലെ ഗ്ലൈഡ് പാത്തും ലോക്കലൈസറും കാലിബ്രേറ്റ് ചെയ്യാനാണ് എയർക്രാഫ്റ്റ് വന്നത്.
ആറുമാസം കൂടുമ്പോഴാണ് ഉപകരണങ്ങൾ കാലിബ്രേറ്റ് ചെയ്യുന്നത്. ഐഎൽഎസ്സിന് പുറമേ വിമാനങ്ങൾക്ക് വിഷ്വൽ ഗൈഡൻസ് കൊടുക്കുന്ന പ്രസിഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ എന്ന ഇലക്ട്രിക്കൽ ഉപകരണവും കാലിബ്രേറ്റ് ചെയ്തു. ക്യാപ്റ്റൻ എസ്.കത്തോച്ച് ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കമ്യൂണിക്കേഷൻ നാവിഗേഷൻ സർവൈലൻസ് (സിഎൻഎസ്) വിഭാഗത്തിലെ സീനിയർ മാനേജേഴ്സ് രാഹുൽ ബല്യാൻ, നിതിൻ പ്രകാശ് എന്നിവർ ആയിരുന്നു കാലിബ്രേഷനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിമാനത്തിൽ നിന്ന് നിയന്ത്രിച്ചത്. കണ്ണൂർ എയർപോർട്ടിലെ ഓഫിസർ ഇൻ ചാർജും ജോയിന്റ് ജനറൽ മാനേജരുമായ ജി.പ്രദീപ് കുമാർ, സിഎൻഎസ് മേധാവി ശ്രീനിവാസു, അസി. ജനറൽ മാനേജർ ജോൺസൺ ജോസഫ്, മാനേജർ വി.കെ.രാഹുൽ എന്നിവർ നേതൃത്വം നൽകി.