ADVERTISEMENT

കണ്ണൂർ ∙ വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളിൽ വ്യക്തികൾ നൽകിയ പരാതികൾ പൊതുചട്ടങ്ങൾ മാറ്റാൻ വഴി തുറന്നതായി മന്ത്രി എം.ബി.രാജേഷ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചട്ടത്തിന്റെയും നിയമത്തിന്റെയും തെറ്റായ വ്യാഖ്യാനം കൊണ്ടോ യാന്ത്രികമായി വ്യാഖ്യാനിക്കുന്നതുകൊണ്ടോ കുരുക്കിൽപ്പെട്ടവരെ അതിൽനിന്ന് രക്ഷപ്പെടുത്താനും നീതി ലഭ്യമാക്കാനും അദാലത്തിലൂടെ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 86 ശതമാനം മുതൽ 90 ശതമാനം വരെ പരാതിക്കാർക്ക് അനുകൂലമായിട്ടാണ് പരാതികൾ തീർപ്പാക്കിയതെന്നും എന്നാൽ ചട്ടലംഘനങ്ങൾ സാധൂകരിക്കാനുള്ള വേദിയല്ല അദാലത്തെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി.രാജേഷ് പരാതികൾ കേൾക്കുന്നു. തദ്ദേശഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി.അനുപമ സമീപം. ചിത്രം:മനോരമ
കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി.രാജേഷ് പരാതികൾ കേൾക്കുന്നു. തദ്ദേശഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി.അനുപമ സമീപം. ചിത്രം:മനോരമ

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മേയർ മുസ്‌ലിഹ് മഠത്തിൽ, വി.ശിവദാസൻ എംപി, എംഎൽഎമാരായ കെ.വി.സുമേഷ്, കെ.പി.മോഹനൻ, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, തദ്ദേശഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, റൂറൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരസമിതി ചെയർമാൻ വി.കെ.സുരേഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

തദ്ദേശ അദാലത്തിൽ അപേക്ഷയുമായെത്തിയ ആന്തൂരിലെ വി.വി.നിഷയും ഭർത്താവ് സന്തോഷും. 
ചിത്രം:
മനോരമ
തദ്ദേശ അദാലത്തിൽ അപേക്ഷയുമായെത്തിയ ആന്തൂരിലെ വി.വി.നിഷയും ഭർത്താവ് സന്തോഷും. ചിത്രം: മനോരമ

പ്രളയം തകർത്ത ലൈഫ് വീടിന്റെ ബാധ്യത ഇളവുചെയ്ത് മന്ത്രി
2018ലെ പ്രളയം ആന്തൂരിലെ വി.വി.നിഷയുടെയും കുടുംബത്തിന്റെ വീടെന്ന സ്വപ്നം തകർക്കുക മാത്രമല്ല ചെയ്തത്, വലിയ ബാധ്യതകൾ ചുമലിലാക്കുകയും ചെയ്തു. വെള്ളിക്കീൽ ചേരയിലെ കുന്നിൻചരിവിൽ ലൈഫിൽ അനുവദിച്ച വീടിന്റെ മെയിൻ വാർപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു പ്രളയം. മണ്ണൊഴുകി അപകടാവസ്ഥയിലായതോടെ വീട് ഉപേക്ഷിക്കേണ്ടി വന്നു.

ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച 1.55 ലക്ഷം രൂപയും വായ്പകളും ഉപയോഗിച്ചായിരുന്നു വീടിന്റെ നിർമാണം. പദ്ധതിയിൽ നിന്ന് സഹായം ലഭിക്കുകയും വീട് പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ വർഷം 18% പലിശയോടെ സഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ. മത്സ്യക്കച്ചവടക്കാരനായ ഭർത്താവ് സന്തോഷ് കുമാറിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതിനാണ് അദാലത്തിൽ പരിഹാരമായത്. 

എഫ്എആർ: അധിക ഫീസ് തിരികെ
∙അധിക എഫ്എആർ (ഫ്ലോർ ഏരിയ റേഷ്യോ) ഫീസടച്ച് പെർമിറ്റ് എടുത്ത് നിർമിച്ച കെട്ടിടം, എഫ്എആർ പരിധിയിലെങ്കിൽ അധിക ഫീസ് തിരിച്ചുനൽകും. എഫ്എആർ സംബന്ധിച്ച് സർക്കാർ കൊണ്ടുവരാൻ തീരുമാനിച്ച ചട്ടഭേദഗതിയിൽ ഈ കാര്യം കൂടി ഉൾപ്പെടുത്തും. കണ്ണൂർ സ്വദേശി മുഹമ്മദ് മുനീർ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

പ്ലോട്ട് ഏരിയ വ്യത്യാസപ്പെട്ടാൽ പെർമിറ്റ്  അസാധുവാകില്ല
∙കെട്ടിട നിർമാണത്തിൽ ചട്ടങ്ങളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു. കെട്ടിട നിർമാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്റെ പരാതി പരിഗണിച്ചാണ് തീരുമാനം.

മുഹമ്മദ് ഹാജി വാങ്ങിയ കെട്ടിടം അഞ്ചാം വർഷം സർക്കാർ കണ്ടു|∙കീഴല്ലൂർ പഞ്ചായത്തിലെ കെ.മുഹമ്മദ് ഹാജി 5 വർഷം മുൻപ് ധനലക്ഷ്മി ബാങ്കിൽ നിന്നും ലേലം ചെയ്തെടുത്ത കീഴല്ലൂർ വില്ലേജിലെ മൂന്ന് ഏക്കർ 42 സെന്റ് സ്ഥലവും കെട്ടിടവും ഉപയോഗിക്കാൻ വഴി തുറന്നു. കെട്ടിടം കീഴല്ലൂർ പഞ്ചായത്തിന്റെ രേഖകളിൽ ഇല്ലാത്തതിനാൽ ഉടമസ്ഥാവകാശം മുഹമ്മദ് ഹാജിക്ക് മാറ്റിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. 3 ദിവസത്തിനകം കെട്ടിട വിവരങ്ങൾ സഞ്ചയ സോഫ്റ്റ്‌വെയറിൽ ചേർത്ത് കെട്ടിട നമ്പർ നൽകാൻ മന്ത്രി ഉത്തരവിട്ടു. ‍

സാദത്തിന് സ്വയംതൊഴിലിന് സഹായം
∙കാഴ്ചപരിമിതിയുള്ള ആറാംമൈലിലെ എ.സി.സാദത്തിന്റെ തൊഴിൽ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായവുമായി മന്ത്രി. മിൽക് ബൂത്ത് തുടങ്ങാനാണ് സഹായം അഭ്യർഥിച്ചത്. ഇതിനുള്ള കാര്യങ്ങൾ ചെയ്യാൻ ജില്ലാ സാമൂഹിക നീതി ഓഫിസറെ മന്ത്രി ചുമതലപ്പെടുത്തി. ഭിന്നശേഷി കോർപറേഷനോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചോ വഴി സഹായം ലഭ്യമാക്കാനാണ് നിർദേശിച്ചത്. സംരംഭത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കതിരൂർ പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com