വിദേശവിമാന സർവീസ് പോർട്ബ്ലെയറിനും അനുമതി; കാത്തിരിപ്പ് തുടർന്ന് കണ്ണൂർ
Mail This Article
കണ്ണൂർ ∙ വിദേശ വിമാന സർവീസിനായുള്ള കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ കാത്തിരിപ്പ് ആറാം വർഷത്തിലേക്ക് നീളുമ്പോൾ പുതിയ ടെർമിനൽ തുറന്ന് ഒന്നരവർഷം തികയും മുൻപേ ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ബ്ലെയറിൽനിന്ന് വിദേശ വിമാന സർവീസിന് അനുമതി. നവംബർ 16 മുതൽ എയർ ഏഷ്യ പോർട്ബ്ലെയറിൽ നിന്ന് ക്വാലലംപുരിലേക്ക് സർവീസ് ആരംഭിക്കും.
2023 ജൂൺ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പോർട്ബ്ലെയറിലെ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാര പ്രോത്സാഹന നയത്തിന്റെ ഭാഗമായി ആസിയാൻ, സാർക് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് പോർട്ബ്ലെയറിൽ നിന്ന് വിദേശ വിമാന സർവീസ് തുടങ്ങുന്നത്.
വിദേശ വിമാന സർവീസ് അനുവദിക്കണമെന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ആവശ്യങ്ങളോട് പതിവായി മുഖംതിരിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ സമീപനം. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിഞ്ഞ വർഷവും ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിൽ നിന്നുള്ള വിദേശ വിമാന സർവീസുകൾക്ക് കഴിഞ്ഞ മാസവും വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ സജ്ജമാകുന്ന മലനാട് റിവർ ക്രൂസ് പദ്ധതിയും തീർഥാടന ടൂറിസം ഉൾപ്പെടെയുള്ള സാധ്യതകളുമുള്ള മേഖലയാണ് വടക്കേ മലബാർ. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാർക്, ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.