ADVERTISEMENT

ഇരിട്ടി∙ മലയോര ഹൈവേയിൽ വെമ്പുഴ പാലം നിർമാണം 9 മാസമായി ഇഴഞ്ഞുനീങ്ങുന്ന ദുരിതത്തിൽ പ്രദേശവാസികൾ. 6 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പാലത്തിന്റെ അപ്രോച്ച് സ്ലാബ് വാർപ്പ് ഉൾപ്പെടെ ഇനിയും പൂർത്തിയാക്കാനുണ്ട്. കഴിഞ്ഞ മാസം 27 ന് സണ്ണി ജോസഫ് എംഎൽഎ നിയോജക മണ്ഡലം തല മരാമത്ത് അവലോകന യോഗത്തിൽ സെപ്റ്റംബർ 15 നകം അപ്രോച്ച് സ്ലാബ് വാർപ്പ് നടത്തുമെന്ന് കെആർഎഫ്ബി പ്രതിനിധി അറിയിച്ചിരുന്നു. അതോടൊപ്പം വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ മേയ് 30 ന് തകർന്ന താൽക്കാലിക സമാന്തര പാത (സർവീസ് റോഡ്) ഒരാഴ്ച കൊണ്ട് നിർമിക്കുമെന്നു നൽകിയ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. 

മലയോര ഹൈവേ വള്ളിത്തോട് – മണത്തണ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികളുടെ ഭാഗമായി എടൂർ വെമ്പുഴയിലും പാലപ്പുഴ ചേംതോടും പാലങ്ങൾ പുനർനിർമിക്കുന്നുണ്ട്. ഗതാഗതം മുടങ്ങാതിരിക്കാൻ 2 ഇടത്തും സമാന്തര പാത നിർമിച്ചിരുന്നു. 2 ഇടത്തും കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ സമാന്തര പാതകൾ തകർന്നു. ചേംതോട് താൽക്കാലികമായി പുനർനിർമിച്ചെങ്കിലും കൂറ്റൻ പൈപ്പുകൾ സഹിതം ഒഴുകി പോയ വെമ്പുഴയിൽ സമാന്തര പാത പുനർനിർമിച്ചില്ല. ഇതേത്തുടർന്നു മൂന്നര മാസത്തിലധികമായി എടൂർ – കരിക്കോട്ടക്കരി റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ച നിലയിലാണ്. 

തീരാതെ ദുരിതം; ഒറ്റപ്പെട്ട് നൂറുകണക്കിന് വീട്ടുകാർ 
സമാന്തര പാത കൂടി ഇല്ലാതായതോടെ വെമ്പുഴയ്ക്ക് അപ്പുറം കരിക്കോട്ടക്കരി റൂട്ടിൽ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. എടൂരിലേക്കു ആവശ്യങ്ങൾക്ക് എത്താൻ ആനപ്പന്തി റീബിൽഡ് കേരള റോഡ് വഴി വളഞ്ഞു ചുറ്റണം. വെമ്പുഴയ്ക്ക് ഇപ്പുറം എടൂർ മേഖലയിൽ ഉള്ളവർക്ക് കരിക്കോട്ടക്കരിയിലേക്ക് പോകാനും വളഞ്ഞു ചുറ്റണം. പാലം ഇല്ലാത്തതു അറിയാതെ നൂറുകണക്കിനാളുകളാണു ദിവസവും മലയോര ഹൈവേ വഴി എളുപ്പത്തിൽ മറ്റു ലിങ്ക് റോഡുകളിൽ പ്രവേശിക്കാൻ എത്തി തിരിച്ചു ഓടേണ്ടി വരുന്നത്. 

നവീകരണം 83.17 കോടി രൂപ ചെലവിൽ 25.3 കിലോമീറ്റർ
മലയോര ഹൈവേയുടെ വള്ളിത്തോട് - മണത്തണ റീച്ച് 25.3 കിലോമീറ്റർ ദൂരം റോഡ് വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തുന്ന പ്രവൃത്തിയാണു 3 പാലങ്ങളുടെ പുനർനിർമാണം ഉൾപ്പെടെയായി ഇഴഞ്ഞുനീങ്ങുന്നത്. 49.39 കോടി രൂപയ്ക്ക് കരാർ നൽകിയ പ്രവൃത്തിയിൽ ടെക്നിക്കൽ കമ്മിറ്റി അംഗീകാരത്തോടെ സമർപ്പിച്ച റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം കഴിഞ്ഞ മാർച്ച് 13 ന് 83.17 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകിയിട്ടുള്ളതാണ്. 

8.2 കിലോമീറ്റർ ദൂരം ഡിബിഎം മെക്കാഡം ടാറിങ് നടത്തിയതും ഓവുചാലിന്റെയും സംരക്ഷണഭിത്തിയുടെയും പ്രവൃത്തികൾ നടന്നു വരുന്നതും മാത്രമാണു പുരോഗതി. ജലജീവൻ മിഷൻ പദ്ധതികൾ പ്രകാരം കുടിവെള്ള പൈപ്പുകൾ ഇടുന്ന പ്രവൃത്തി നടത്താത്തതാണു റോഡ് നവീകരണ പ്രവൃത്തിയെ ബാധിച്ചതെന്നാണ് കെആർഎഫ്ബി അധികൃതരുടെ പരാതി. 

ഒക്ടോബർ 15 നകം പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് ജല അതോറിറ്റി ഒടുവിൽ നൽകിയ വാഗ്ദാനം. ഇതിനു ശേഷമേ റോഡ് നവീകരണ പ്രവൃത്തികൾ പുനരാരംഭിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ. മലയോര ഹൈവേയുടെ നിലവാരം സംസ്ഥാന പാതയ്ക്കു തുല്യമാണെങ്കിലും ആദ്യ ഘട്ടത്തിൽ പണി നടന്ന ഈ 25.3 കിലോമീറ്റർ ദൂരത്ത് 5.5 മീറ്റർ വീതിയിലും 6 മീറ്റർ വീതിയിലും ഉള്ള ടാറിങ് ആണു നിലവിൽ ഉള്ളത്. ഇരു വശത്തേക്കും തുല്യമായി വീതി എടുത്ത് ഇത് 9 മീറ്റർ ടാറിങ് ആക്കി ഉയർത്തുന്നതടക്കം ഉള്ള പ്രവൃത്തികൾ നടത്തി സംസ്ഥാന പാത നിലവാരം ഉറപ്പാക്കുകയാണ് നിർദിഷ്ട നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

English Summary:

Construction delays plague the Vembuzha bridge project on Kerala's Malayora Highway, causing hardship for residents near Iritty. The nine-month delay has disrupted traffic, isolated communities, and raised concerns over the project's timeline.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com