ADVERTISEMENT

ചെറുപുഴ ∙ മലയോര കർഷകരുടെ ഉന്നതി ലക്ഷ്യമിട്ടു ആരംഭിച്ച ഇക്കോഷോപ്പുകൾ വെറും നോക്കുകുത്തികളായി മാറി. ചെറുപുഴ പഞ്ചായത്തിൽ കൃഷിവകുപ്പിന്റെ 3 ഇക്കോ ഷോപ്പുകളാണ്(കേരള ഓർഗാനിക് ഇക്കോ ഷോപ്പ്) ആരംഭിച്ചത്. ചെറുപുഴ, പുളിങ്ങോം, തിരുമേനി എന്നിവിടങ്ങളിലാണു ഇക്കോ ഷോപ്പുകൾ അനുവദിച്ചത്. എന്നാൽ ഇതിൽ ചെറുപുഴ ഒഴികെയുള്ള 2 ഇക്കോ ഷോപ്പുകൾ ആർക്കും വേണ്ടാതായിട്ടു നാളുകൾ ഏറെയായി. കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ വിൽക്കാനും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനുമായിട്ടാണ് ഇക്കോ ഷോപ്പുകൾ തുടങ്ങിയത്.

കർഷക കൂട്ടായ്മകളെയാണ് ഇക്കോ ഷോപ്പിന്റെ നടത്തിപ്പ് ഏൽപ്പിച്ചിരുന്നത്. ഇതിനുപുറമെ നടത്തിപ്പിനായി ഒരു ലക്ഷം രൂപയുടെ പലിശരഹിത റിവോൾവിങ് ഫണ്ടും അനുവദിച്ചു.തിരുമേനിയിൽ ആരംഭിച്ച അഗ്രികൾചറൽ ഓർഗാനിക് സൊസൈറ്റിയുടെ പ്രവർത്തനം ആദ്യം നല്ല നിലയിലാണു നടന്നിരുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണു ഷോപ്പ് സ്ഥാപിച്ചിരുന്നത്.എന്നാൽ നിർമാണ പ്രവർത്തനത്തിനായി സ്ഥലം നിരപ്പാക്കാൻ ആരംഭിച്ചതോടെ ഷോപ്പ് ഇവിടെ നിന്നു മാറ്റേണ്ടതായി വന്നു. തുടർന്നു പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് ഷോപ്പ് മാറ്റി സ്ഥാപിച്ചെങ്കിലും ചിലരുടെ എതിർപ്പിനെ തുടർന്നു ഇത് ഇവിടെ നിന്നു മാറ്റേണ്ടി വന്നു. തുടർന്നു അധികാരികളുടെ ഭാഗത്ത് നിന്നു വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെ സൊസൈറ്റി ഇക്കോ ഷോപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ച് റിവോൾവിങ് ഫണ്ട് തിരികെ നൽകി.

ഇതോടെ തിരുമേനി ഇക്കോ ഷോപ്പിനു താഴ് വീഴുകയും ചെയ്തു. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ആരംഭിച്ച ഇക്കോ ഷോപ്പും ഏറെ താമസിക്കാതെ നടത്തിപ്പുകാർ അടച്ചുപൂട്ടുകയായിരുന്നു. ടൗണുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലത്ത് ഷോപ്പ് സ്ഥാപിച്ചതാണു ഇത് അടച്ചുപൂട്ടാൻ ഇടയാക്കിയത്. ചെറുപുഴയിൽ ആരംഭിച്ച ഷോപ്പ് മാത്രമാണു ഇപ്പോൾ നിലവിൽ പ്രവർത്തിക്കുന്നത്. കർഷകരുടെ ഉന്നതിക്കുവേണ്ടി ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങൾ പലതും ലക്ഷ്യം കാണാതെ പോകുകയാണ് ചെയ്യുന്നത്. പദ്ധതി നടത്തിപ്പിൽ ഉണ്ടാകുന്ന പാളിച്ചകളാണു പല സംരംഭങ്ങളുടെയും തകർച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.

English Summary:

Ecoshops, intended to empower farmers in Kerala's Cherupuzha region, face an uncertain future. Despite initial promise, issues with location, management, and government support have led to the closure of several Ecoshops, raising concerns about the effectiveness of such agricultural initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com