‘നാലു വർഷ ഡിഗ്രി കോഴ്സ് തുടങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ വിചിത്ര ഉത്തരവുമായി കണ്ണൂർ സർവകലാശാല’
Mail This Article
കണ്ണൂർ∙ ബിസിഎ ,ബിഎസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രസ്തുത വിഷയങ്ങളിൽ മൈനർ കോഴ്സ് പഠിക്കുവാൻ പാടില്ല എന്നുള്ള സർവകലാശാലയുടെ പുതിയ നിലപാട് കോളജുകളിൽ അക്കാദമിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി.
‘‘നാലുവർഷ ഡിഗ്രി കോഴ്സുകൾ ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ച കണ്ണൂർ സർവ്വകലാശാല സമീപനം വിചിത്രമാണ്. വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ കരിക്കുലവും പാഠ്യനയങ്ങളും സർവകലാശാല വളച്ചൊടിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഇത്. രണ്ട് വ്യത്യസ്ത കോഴ്സുകളായി നടക്കുന്ന ബിസിഎ, ബിഎസ്സി കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മൈനർ വിഷയങ്ങളായി നിലവിൽ പഠിച്ച ഭാഗങ്ങൾ ഈ തീരുമാനം മൂലം അപ്രസക്തമായി മാറി. കോളജുകൾ വലിയ പ്രതിസന്ധിയിലുമായി. വിദ്യാർഥികൾക്ക് അക്കാദമിക് സ്വാതന്ത്ര്യം വിഭാവനം ചെയ്യേണ്ട നാലുവർഷ ഡിഗ്രി പ്രോഗ്രാം കൃത്യമായ ആസൂത്രണം ഇല്ലാതെ നടപ്പിലാക്കിയതിനാലാണ് കണ്ണൂർ സർവകലാശാലയിൽ ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. സിലബസ് പൂർത്തീകരിക്കാതെ കോഴ്സ് ആരംഭിച്ചപ്പോൾ അപകടകരമായ സാഹചര്യത്തിന്റെ മുന്നറിയിപ്പ് കെപിസിടിഎ നൽകിയിരുന്നു.ഇപ്പോൾ വലിയ പ്രതിസന്ധിയിലേക്ക് വിവിധ കോഴ്സുകളെ എത്തിക്കുന്ന സാഹചര്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും എഫ് വൈ യു ജി പി കോഡിനേറ്റർക്ക് മാറിനിൽക്കാൻ കഴിയില്ല’’.
വൈസ് ചാൻസലറെ ഈ വിഷയത്തിൽ സ്ഥാപിത താൽപര്യക്കാർ തെറ്റിദ്ധരിപ്പിച്ചു എന്നും കെപിസിടിഎ ആരോപിച്ചു. കൃത്യമായ ആസൂത്രണം ഇല്ലാതെ നടപ്പിലാക്കിയ പുതിയ തീരുമാനത്തിൽ നിന്നും സർവകലാശാല ഉടൻ പിന്മാറണമെന്നും കെപിസിടിഎ ആവശ്യപ്പെട്ടു. ഡോ. ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു. ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ. വി.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.