ഹൃദയത്തിലുണ്ട്, മായാതെ കെ.പി
Mail This Article
പയ്യന്നൂർ∙ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങൾ മൂന്നര മണിക്കൂർ കാത്തു നിന്നു. കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ എന്ന പയ്യന്നൂരിന്റെ സ്വന്തം കെപിക്ക് അന്തിമോചാരമർപ്പിക്കാനാണ് ജനങ്ങൾ മണിക്കൂറുകളോളം ഗാന്ധിപാർക്കിൽ കാത്തുനിന്നത്. ഇന്നലെ രാവിലെ അന്തരിച്ച കെപിയുടെ മൃതദേഹം കണ്ണൂരിലും കാസർകോടും പൊതുദർശനത്തിന് ശേഷം 5 മണിക്ക് ഗാന്ധി പാർക്കിൽ പൊതുദർശനത്തിന് വയ്ക്കുമെന്നായിരുന്നു തീരുമാനം.
എന്നാൽ കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച വിലാപയാത്ര പയ്യന്നൂരിൽ എത്തിയത് രാത്രി എട്ടര മണിക്ക് ശേഷമാണ്. അപ്പോഴും ഗാന്ധി പാർക്കിൽ വലിയ ജനക്കൂട്ടമാണ് പ്രിയ നേതാവിനെ കാത്തുനിന്നത്. കണ്ടോന്താറിൽ ജനിച്ചു വളർന്ന കെ.പി രാഷ്ട്രീയത്തിൽ പിച്ചവച്ചത് പയ്യന്നൂരിലാണ്. പയ്യന്നൂരിൽ അന്നൂരിലാണ് കെ.പിയുടെ അച്ഛന്റെ വീട്.
പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാളികളിൽ നിന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ച കെപിയുടെ രാഷ്ട്രീയ കളിത്തൊട്ടിലാണ് പയ്യന്നൂർ. ആ ബന്ധം വിളിച്ചറിയിക്കുന്ന ജനക്കൂട്ടമാണ് രാത്രി വൈകിയും അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. തുടർന്ന് ജന്മനാടായ കൈതപ്രത്തെ കണ്ടോന്താറിലേക്ക് വിലാപയാത്ര. നാട് ആദരാഞ്ജലി അർപ്പിച്ച ശേഷം രാത്രി വൈകി കാറമേൽ പ്രിയദശിനി യൂത്ത് സെന്ററിലേക്ക് കൊണ്ടുവന്നു. ഇന്നു രാവിലെ കാറമേലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 11 മണിക്ക് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും. തുടർന്ന് സർവകക്ഷി അനുശോചനയോഗം നടക്കും.
തൊഴിലാളികൾക്കൊപ്പം അവസാനം വരെ ...
പയ്യന്നൂർ∙ ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണന്റെ അവസാന നാളുകളിലെ പ്രവർത്തനം ഖാദി തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു. കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റായി പ്രവർത്തിച്ച കുഞ്ഞിക്കണ്ണൻ ഓണത്തിന് മുൻപ് ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി ലഭ്യമാക്കുന്നതിനുള്ള സമരമുഖത്തായിരുന്നു.കുടിശികയായ മിനിമം കൂലി ലഭ്യമാക്കാൻ ഖാദി ബോർഡുമായും സർക്കാരുമായും യൂണിയൻ ജനറൽ സെക്രട്ടറി എൻ.ഗംഗാധരനൊപ്പം ചർച്ചയിലും മറ്റും പങ്കെടുത്തു.
ഓണം അടുത്തിട്ടും മിനിമം കൂലി കിട്ടാത്ത സാഹചര്യത്തിൽ സെപ്റ്റംബർ 3ന് ഖാദി കേന്ദ്രത്തിന് മുന്നിൽ സമരം നടത്തി. ആ സമരത്തിൽ അധ്യക്ഷത വഹിച്ച കെ.പി.കുഞ്ഞിക്കണ്ണൻ 11 മുതൽ അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയും അതിന്റെ മുൻനിരയിൽ ഉണ്ടാകുമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകുകയും ചെയ്തതാണ്. എന്നാൽ അടുത്ത ദിവസം വാഹനാപകടത്തിൽ പെട്ടുപോയ കെപിക്ക് തുടർ സമരങ്ങളിൽ പങ്കെടുക്കാനായില്ല.
കണ്ണേട്ടന് വിടചൊല്ലി ജന്മനാട്
മാതമംഗലം∙ കെ.പി. കുഞ്ഞിക്കണ്ണന് വിടനൽകി ജന്മനാട്. വികാര സാന്ദ്രമായ അന്തരീക്ഷത്തിലാണ് ജനനായകനായ കണ്ടോന്താറിന്റെ കണ്ണേട്ടന് വിട നൽകിയത്. ഇന്നലെ രാത്രിയിലാണ് കണ്ടോന്താർ സ്കൂളിനു സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ മൃതദേഹം പൊതുദർശത്തിനു വച്ചത്. പാണപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ക്ഷീരോൽപാദക സംഘം രൂപികരിക്കുന്നതിൽ മുൻപിൽ നിന്നു. കണ്ടോന്താറിൽ ചെറുപ്പകാലത്ത് കണ്ണേട്ടൻ ആധാരം എഴുത്തുകാരാനായി ജോലി ചെയ്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ചുവട് വച്ചത് കണ്ടോന്താർ, കൈതപ്രം പ്രദേശത്തെ പ്രവർത്തനങ്ങളിലൂടെയാണ്. കെപിസിസി അംഗം എം.പി.ഉണ്ണിക്കൃഷ്ണൻ, കെ.ബ്രജേഷ് കുമാർ, എൻ.ജി.സുനിൽ പ്രകാശ്, ടി.വി ചന്ദ്രൻ, ടി.രാജൻ, ശങ്കരൻ കൈതപ്രം, ആലിക്കുഞ്ഞി ഹാജി ആലക്കാട്, വി. രാജൻ, രാജേഷ് മല്ലപ്പള്ളി, എൻ.കെ.സുജിത്ത്, കെ.പി.മുരളീധരൻ, സന്ദീപ് പാണപ്പുഴ, അക്ഷയ് പറവൂർ, കെ.കെ.പി ബാലകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.