ADVERTISEMENT

കണ്ണൂർ ∙ വൈക്കം സത്യഗ്രഹ സമരത്തിന്റെ മുൻനിര പോരാളി പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമൻ ഇളയതിന്റെ മക്കൾ കെ.ആർ.സാവിത്രി അന്തർജനത്തിനും സരോജിനി അന്തർജനത്തിനും ഇനി വാടകവീട്ടിൽ കഴിയേണ്ട. ഇവർക്കു വീടുവയ്ക്കാൻ പാണപ്പുഴ ഭൂദാനംഭൂമിയിൽ കേരള സർവോദയ മണ്ഡലം 20 സെന്റ് സ്ഥലം നൽകി. 2025 മാർച്ച് 24ന് അകം വീടുപണി പൂർത്തിയാക്കി ഗൃഹപ്രവേശം നടത്തുമെന്ന് വീടുനിർമാണം ഏറ്റെടുത്ത കെപിസിസിക്കു വേണ്ടി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

രാമൻ ഇളയതിന്റെ മക്കൾ തളിപ്പറമ്പ് കീഴാറ്റൂരിൽ വാടകവീട്ടിൽ കഴിയുന്നതിനെക്കുറിച്ച് മലയാള മനോരമ ഞായറാഴ്ചയിൽ ഓഗസ്റ്റ് 11ന് പ്രസിദ്ധീകരിച്ചു. ഇവരുടെ ഇരുട്ടുനിറഞ്ഞ ജീവിതം വായിച്ചറിഞ്ഞ ഒട്ടേറെപ്പേർ സഹായിക്കാനെത്തി. വീടുവയ്ക്കാൻ സ്ഥലം നൽകാമെന്ന് കേരള സർവോദയ മണ്ഡലം പ്രഖ്യാപിച്ചപ്പോൾ വീടുനിർമാണം കെപിസിസി ഏറ്റെടുത്തു. സാവിത്രി അന്തർജനത്തെ വീട്ടിൽപോയി കണ്ട കെ.സുധാകരൻ വീടുനിർമിച്ചുനൽകുമെന്ന് ഉറപ്പുനൽകി. 

കണ്ണൂരിൽ നടന്ന ചടങ്ങിൽ കെ.സുധാകരൻ ഭൂമിയുടെ രേഖ സാവിത്രി അന്തർജനത്തിനു കൈമാറി. സരോജിനി അന്തർജനത്തിന്റെ മകൻ അനിൽകുമാറിനൊപ്പമാണ് അവർ ചടങ്ങിനെത്തിയത്. സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.ബാലകൃഷ്ണൻ, ഗാന്ധി സെന്റിനറി മെമ്മോറിയൽ പ്രസിഡന്റ് ഇ.വി.ജി.നമ്പ്യാർ, ജില്ലാ സർവോദയ മണ്ഡലം പ്രസിഡന്റ് ടി.പി.ആർ.നാഥ്, സെക്രട്ടറി രാജൻ തിയറേത്ത്, മഹാത്മാ മന്ദിരം ജനറൽ  സെക്രട്ടറി സി.സുനിൽകുമാർ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ.പി.പി.ബാലൻ, അഡ്വ. ജേക്കബ് അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. കെപിസിസി നടത്തുന്ന, വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു വീടുനിർമാണം പൂർത്തിയാക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.

English Summary:

In a heartwarming gesture, the Kerala Sarvodaya Mandal and KPCC have joined hands to provide a home for the daughters of late Vaikom Satyagraha leader Raman Elayathu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com