ഇനി കലാവസന്തം; സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്നു തിരിതെളിയും
Mail This Article
കണ്ണൂർ∙ 25ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്നു തിരിതെളിയും. ഉദ്ഘാടന സമ്മേളനം രാവിലെ 9.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷയാകും. മുനിസിപ്പൽ സ്കൂൾ കണ്ണൂർ, തളാപ്പ് മിക്സഡ് യുപി സ്കൂൾ എന്നിവിടങ്ങളിലായി 8 വേദികളിലാണ് മത്സരം നടക്കുക. ഇന്ന് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കാണു മത്സരങ്ങൾ. മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം തുടങ്ങി 9 ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. നാളെ കാഴ്ച, കേൾവി പരിമിതിയുള്ളവർക്കുള്ള മത്സരങ്ങൾ നടക്കും.
∙ ഊട്ടുപുരയുടെ പാലുകാച്ചൽ കർമം പഴയിടം മോഹനൻ നമ്പൂതിരി നിർവഹിച്ചു. 15 പേരടങ്ങുന്ന സംഘമാണ് പഴയിടം മോഹനൻ നമ്പൂതിരിക്കൊപ്പം ഊട്ടുപുരയിലുള്ളത്. പായസമടക്കമുള്ള സദ്യ രണ്ടായിരത്തോളം പേർക്കു വിളമ്പും. ഭക്ഷണം പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിലാണു ക്രമീകരിച്ചിരിക്കുന്നത്.
∙ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. അവരെ താമസ സ്ഥലത്ത് എത്തിക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മിറ്റി ഏർപ്പെടുത്തിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമം മേയർ മുസ്‌ലിഹ് മഠത്തിൽ നിർവഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദ്, സബ് കമ്മിറ്റി കൺവീനർമാരായ കെ.രമേശൻ, പി.കെ.ഷംസുദ്ധീൻ, വി.വി.രതീഷ്, പി.വേണുഗോപൻ, കെ.ഇസ്മായിൽ, പി.ബഷീർ, എസ്.കെ.ബഷീർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞവർഷം ജേതാക്കളായ തൃശൂർ ജില്ലയിൽ നിന്നാണ് സ്വർണക്കപ്പ് കണ്ണൂരിലെത്തിച്ചത്. സ്വർണക്കപ്പ് ഡപ്യൂട്ടി മേയർ പി.ഇന്ദിര ഏറ്റുവാങ്ങി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദിനു കൈമാറി. ചടങ്ങിൽ വി.പ്രേമരാജൻ, കെ.രമേശൻ, കെ.സി.സുധീർ, വി.വി.രതീഷ്, കെ.സി.മഹേഷ്, പി.വേണുഗോപാലൻ, എ.പി.ബഷീർ, സി.വി.കെ.മുഹമ്മദ് റിയാസ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.