ADVERTISEMENT

ഇരിട്ടി∙ ജില്ലയിൽ പ്രീമട്രിക് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കുള്ള പോഷകാഹാര ഫണ്ട് മുടങ്ങിയിട്ട് 4 മാസം. ഇതെത്തുടർന്ന് ജില്ലയിലെ 7 ഹോസ്റ്റലുകളിലായി താമസിക്കുന്ന 300 ഓളം വിദ്യാർഥികൾക്ക് ഇപ്പോൾ നൽകുന്നത് ‘പോഷകം’ ഇല്ലാത്ത ഭക്ഷണം. ഈ അവസ്ഥ തുടർന്നാൽ പാലും മുട്ടയും പലവ്യഞ്ജനങ്ങളും താമസിയാതെ മുടങ്ങുന്ന അവസ്ഥയാണ്. ഇതോടെ കുട്ടികൾ കൊഴിഞ്ഞുപോകാനും തുടങ്ങി. അരി റേഷൻ വിതരണ സംവിധാനം മുഖേന ആയതിനാൽ ഇതു മാത്രം ലഭിച്ചേക്കും. സംസ്ഥാന പട്ടിക വർഗ വകുപ്പ് മുഖേന പ്രീമട്രിക് ഹോസ്റ്റലുകളിലേക്കു സർക്കാർ നൽകുന്ന പോഷകാഹാര ഫണ്ട് ഈ അധ്യയന വർഷം തുടങ്ങി ഇതുവരെ സർക്കാർ ലഭ്യമാക്കാത്തതാണ് വിദ്യാർഥികളുടെ അന്നം മുടക്കുന്നത്.

ഒന്നുമുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്കു സുരക്ഷിതമായി താമസിച്ചു വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ജില്ലയിൽ ആറളം ഫാം, വെളിമാനം, ഇരിട്ടി, വയത്തൂർ, മയ്യിൽ, നടുവിൽ, കോളയാട് എന്നിവിടങ്ങളിലായി പ്രീമട്രിക് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നത്. പഠനത്തിനു സഹായിക്കാൻ ട്യൂട്ടറും പോഷകാഹാരം ഉറപ്പാക്കുന്നതിനായി ഡയറ്റീഷ്യൻ തയാറാക്കിയിട്ടുള്ള ഭക്ഷണ മെനുവും ആണ് ഇത്തരം ഹോസ്റ്റലുകളുടെ ആകർഷണം. ആഴ്ചയിൽ കോഴിയിറച്ചി, മീൻ, മുട്ട, പാൽ എന്നിവ ഉൾപ്പെടെ മെനുവിൽ ഉണ്ട്. 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മാസം 3000 രൂപ എന്ന തോതിലും പ്ലസ്ടു വിദ്യാർഥിക്ക് 3450 രൂപ തോതിലും ആണു പോഷകാഹാര അലോട്മെന്റ്. ഈ തുക കുട്ടികൾക്ക് നേരിട്ടു നൽകില്ല.

ജില്ലാ തലത്തിൽ ഏകോപിപ്പിച്ചു നൽകിയ കരാറുകൾ പ്രകാരം ഭക്ഷണ സാധനങ്ങൾ നൽകുന്നവർക്ക് വിതരണം ചെയ്യും. കോഴിയിറച്ചിയും മീനും നൽകുന്നവർ പണം കിട്ടാതായതോടെ ഒരുമാസം മുൻപേ വിതരണം നിർത്തി. പാലും മുട്ടയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതും സൊസൈറ്റികൾ ആയതിനാൽ അവർ മുടക്കം വരുത്തിയിട്ടില്ല. 4 മാസം ആയിട്ടും ഫണ്ട് മുടങ്ങിയതിന്റെ സാമ്പത്തിക പ്രതിസന്ധി ഇവർ അധികൃതരെ അറിയിച്ചിട്ടുണ്ട്. പോഷകം ഇല്ലാത്ത ഭക്ഷണം ആയതോടെ ഹോസ്റ്റലുകളിൽ നിന്നു കുട്ടികൾ കൊഴിഞ്ഞുപോകുന്നുമുണ്ട്.

ആറളം ഹോസ്റ്റലിൽ ‌സ്ഥിരം തസ്തികകളിൽ 2 പേർ മാത്രം
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ആണ് ആറളം ഫാം. ഈ മേഖലയിൽ പട്ടിക വർഗ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കാനാണ് 2 വർഷം മുൻപ് കോടികൾ മുടക്കി ആധുനിക സൗകര്യങ്ങളോടെ ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്.അന്നു കേളകത്തെ ഹോസ്റ്റലാണ് ആറളം ഫാമിലേക്ക് മാറ്റിയത്. 105 കുട്ടികൾ ഉണ്ടായിരുന്നു. ഇപ്പോൾ 40 കുട്ടികൾ ആയി ചുരുങ്ങി. ഒരു വിമൻ വാച്ച്മാന്റെയും ഒരു പിടിഎസിന്റെയും തസ്തികകളിൽ മാത്രം ആണു സ്ഥിരം നിയമനം ഉള്ളത്. വാർഡൻ, വിമൻ വാച്ച്മാൻ, കുക്ക് – 2 എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം ആണ്. എൽഡിസി പട്ടികയിൽ നിന്നു നിയമനം നടത്താവുന്നതാണെങ്കിലും സർക്കാർ ചെയ്യുന്നില്ല.

"ഭക്ഷണ വിതരണ ഫണ്ട് എത്തിയിട്ടുണ്ട്. ഈ മാസം കൊടുക്കും. ഇടയ്ക്കു മുടങ്ങാറുണ്ട്. കിട്ടുമ്പോൾ കൊടുക്കുവാണു ചെയ്യുന്നത്."

English Summary:

The article highlights the plight of tribal students in Iritty, Kerala, who are deprived of nutritious food due to a four-month delay in the release of funds allocated for pre-matric hostels. The situation has led to a decline in student enrollment and raises concerns about their well-being. The Aralam Farm hostel, despite being a modern facility, faces staffing shortages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com