റേഷൻ കാർഡ് മസ്റ്ററിങ്: ആധാർ പുതുക്കാത്തവർക്ക് പണി
Mail This Article
കണ്ണൂർ∙ ആധാർ കാർഡ് പുതുക്കാത്തവരുടെ റേഷൻ കാർഡ് മസ്റ്ററിങ് തടസ്സപ്പെടുന്നതു പ്രതിസന്ധിയാകുന്നു. അന്ത്യോദയ(മഞ്ഞ), മുൻഗണന(പിങ്ക്) റേഷൻ കാർഡുകളുടെ മസ്റ്ററിങ്ങിന്റെ കാലാവധി നാളെ അവസാനിക്കെയാണ് പ്രസ്തുത കാർഡിൽ ഉൾപ്പെടുന്ന കുട്ടികളുടെയടക്കം മസ്റ്ററിങ് ആധാർ കാർഡ് പുതുക്കാത്തത് കാരണം തടസ്സപ്പെടുന്നത്. ഇന്നലെ അവധി ദിനമാണെങ്കിലും മസ്റ്ററിങ്ങിനു വേണ്ടി റേഷൻകടകൾ തുറന്നിരുന്നു. അവധിദിവസമായതിനാൽ ഇന്നലെ ഒട്ടേറെ കുട്ടികളും മുതിർന്നവരും എത്തിയിരുന്നു. ആധാർ കാർഡ് പുതുക്കുന്ന നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണം. ഇന്നലെ അവധിയായതിനാൽ ഇന്നു മാത്രമാണ് അക്ഷയ കേന്ദ്രങ്ങളിൽ ആധാർ കാർഡ് പുതുക്കുന്നതിനായി പോകാൻ കഴിയുക. ആധാർ പുതുക്കലിന് അപേക്ഷിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് ഒന്നിലധികം ദിവസം വേണം.
ഈ സാഹചര്യത്തിൽ മസ്റ്ററിങ്ങിന്റെ അവസാന ദിവസമായ നാളെ എന്തായാലും പുതുക്കിയ ആധാറും കൊണ്ട് മസ്റ്ററിങ്ങിനു പോകാനാവില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആധാർ പുതുക്കാത്തതിന്റെ പേരിൽ മസ്റ്ററിങ് മുടങ്ങിയവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തി വിവരം അറിയിക്കാനാണ് സർക്കാർ റേഷൻ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.പ്രവൃത്തി ദിവസങ്ങളിൽ കാർഡ് മസ്റ്ററിങ്ങിനും ധാന്യങ്ങൾ വാങ്ങുന്നതിനും കാർഡ് ഉടമകൾ ഒന്നിച്ചെത്തുന്നത് റേഷൻ വ്യാപാരികളെയും വലയ്ക്കുന്നുണ്ട്. ഈ സമയങ്ങളിൽ സെർവർ മന്ദഗതിയിലാകുന്നതും പ്രശ്നമാണ്. അവധി ദിവസങ്ങളിലും മസ്റ്ററിങ്ങിനായി റേഷൻ കടകൾ തുറക്കേണ്ട അവസ്ഥയിൽ റേഷൻ വ്യാപാരികൾക്കും അതൃപ്തിയുണ്ട്. നാളെ വരെ റേഷൻ കടകളിൽ മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് നടത്താൻ നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത കിടപ്പു രോഗികളുടെ മസ്റ്ററിങ് വീട്ടിൽ വന്ന് നടത്തും. മസ്റ്ററിങ്ങിന് റേഷൻ കാർഡ് ആധാർ കാർഡ് എന്നിവ വേണം. റേഷൻ വാങ്ങിക്കാൻ പോകുമ്പോൾ നിലവിൽ വിരൽ പതിയാത്തവരുടെയും കുട്ടികളുടെയും ആധാർ തൊട്ടടുത്ത അക്ഷയയിൽ പോയി പുതുക്കി വേണം മസ്റ്ററിങ് നടത്താൻ.