ADVERTISEMENT

തലശ്ശേരി ബിരിയാണി.. കടൽപാലം എന്നൊക്കെ ആവേശത്തോടെ പറയുന്നതുപോലെയാണ് തലശ്ശേരിയിലെ മാളിയേക്കൽ തറവാടും. ചരിത്രം, രാഷ്ട്രീയം, സാംസ്കാരികം എന്നിങ്ങനെ ഏതു മേഖല നോക്കിയാലും മാളിയേക്കലിനൊരു കഥ പറയാനുണ്ടാകും.  മമ്മൂട്ടി നായകനായ പഴശ്ശിരാജയും പൃഥ്വിരാജിന്റെ അൻവറും നിവിൻ പോളിയുടെ തട്ടത്തിൻ മറയത്തുമൊക്കെ കണ്ടവരുടെ മനസ്സിൽ ഈ തറവാട് തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നുണ്ടാകും. 

അൻവറിലെ ‘കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ...’ എന്ന പാട്ടൊന്നു കണ്ടുനോക്കിയാൽ മനസ്സിലാകും മാളിയേക്കൽ തറവാടിന്റെ അകത്തളത്തിന്റെ ഭംഗി.  മാറുന്ന ചരിത്രത്തിനു സാക്ഷിയായ മാളിയേക്കൽ തറവാട് സിനിമക്കരുടെ ഇഷ്ട ലൊക്കേഷമാണിപ്പോൾ. 1919 ൽ നിർമിച്ച ഈ തറവാടിനു 16ൽ അധികം മുറികളുണ്ട്. 

ഇരുനിലയുള്ള വീടിന്റെ തൂണുകൾ, ടൈലുകൾ, ഷാൻഡിലിയറുകൾ, തടികൊണ്ടുള്ള പണികൾ എന്നിവ ഈ തറവാടിന്റെ ഭംഗി കൂട്ടുന്നു. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകൾ ചിത്രീകരിക്കാൻ തലശ്ശേരിയിലെ ഈ തറവാടു തിരഞ്ഞെടുക്കാൻ സിനിമ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നതും ഈ വീടിന്റെ ഇത്തരം പ്രത്യേകതകൾ തന്നെ.

ജയരാജ് സംവിധാനം ചെയ്ത ‘ദൈവനാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിൽ വലിയൊരു പങ്ക് ഈ തറവാട്ടിലായിരുന്നു. മാത്രമല്ല തറവാട്ടിലെ പി.എം. മറിയുമ്മ ഈ ചിത്രത്തിൽ ഒരു വേഷവും ചെയ്തിട്ടുണ്ട്. മറിയുമ്മയെ എല്ലാവർക്കും അറിയാം. മുസ്‍ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കുടുംബത്തിലെ മൂത്ത അംഗമായ മറിയുമ്മ ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയത് ചരിത്രമായി. 

മലബാറിൽ നിന്ന് ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം സിദ്ധിച്ച മറിയുമ്മ അങ്ങനെ ചരിത്രത്തിൽ ഇടം നേടി. ജയരാജിന്റെ ഈ സിനിമയിൽ ഇതേ വേഷം ചെയ്ത് അവർ ശ്രദ്ധേയായി. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലെ ചില ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. 

അമൽ നീരദിന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ അൻവർ എന്ന സിനിമയുടെ ചിത്രീകരണവും ഇവിടെ നടന്നു. 
വിനീത് ശ്രീനിവാസന്റെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണു തലശ്ശേരി. മാളിയേക്കൽ തറവാടും വിനീതിനു പ്രിയങ്കരം തന്നെ. ‘തട്ടത്തിൻ മറയത്ത്’  സിനിമയിലെ കുറച്ചു ഭാഗം ഈ വീട്ടിൽ ഷൂട്ട് ചെയ്തു. 

വിനീതിന്റെ പുതിയ സിനിമയായ ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയ്ക്കും ഈ തറവാട് സിനിമ ലൈറ്റുകൾ കൊണ്ട് പ്രകാശമാനമായി.
‘പഴശ്ശിരാജ’ എന്ന ഹരിഹരന്റെ ചരിത്രസിനിമയുടെ ഭാഗമാകാനും ഈ തറവാടിനായി. തലശ്ശേരി കേന്ദ്രീകരിച്ചുള്ള ഷൂട്ടിങ്ങിൽ ഈ വീട്ടിൽ വച്ചും ചില ഭാഗങ്ങൾ ചിത്രീകരിച്ചു. 

തലശ്ശേരിയിൽ ലൊക്കേഷൻ തിരയുന്നവർക്കു ഒഴിച്ചുകൂടാനാകാത്ത തറവാടാണ് മാളിയേക്കൽ. കലാകാരൻമാരുള്ള ഈ തറവാട് കലാ പ്രവർത്തനങ്ങൾക്കു വിട്ടുനൽകാൻ തറവാട്ടുകാർക്ക് സന്തോഷം മാത്രമേയുള്ളൂ. ധാരാളം അംഗങ്ങൾ താമസിച്ച ഈ തറവാട്ടിൽ ഇപ്പോൾ ഒരുകുടംബം മാത്രമേയുള്ളൂ. മറ്റുള്ളവരെയല്ലാം തൊട്ടടുത്തു തന്നെ വേറെ വേറെ വീടുകളിലുണ്ട്. സിനിമ ചിത്രീകരണം നടക്കുമ്പോൾ അവിടെയുള്ള വസ്തുക്കൾക്ക് കേടുപാടു സംഭവിക്കുമോ എന്ന ആശങ്ക ഇവർക്കുണ്ട്. 

"ചിത്രീകരണത്തിനു തറവാടു വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ, ഈയിടെയായി ക്രെയിനുകളും മറ്റും ഉപയോഗിച്ചുള്ള ഷൂട്ടിങ്ങിനിടയിൽ ഷാൻ‌ഡ്‌ലിയർ അടക്കമുള്ള ലൈറ്റുകൾക്കു കേടുപാടുകൾ സംഭവിക്കുന്നുണ്ട്. എഗ്രിമെന്റ് വച്ചു മാത്രമേ ഇനി ഷൂട്ടിങ്ങിനു വിട്ടുനൽകുകയുള്ളൂ എന്നാണു എല്ലാവരുടെയും തീരുമാനം. ഈയിടെ ചിലർ സമീപിച്ചിരുന്നു. ചരിത്ര പശ്ചാത്തലമോ ഒഴിച്ചു കൂടാനാവാത്ത സാഹചര്യമോ ഉണ്ടെങ്കിൽ പരിഗണിക്കാം. അപ്പോഴും നമ്മളുടെ കരാറിനനുസരിച്ചാണെങ്കിൽ പരിഗണിക്കാം."

English Summary:

Nestled in Thalassery, Kerala, the historical Maliyekkal Tharavadu stands as a testament to time and a beloved location for Malayalam filmmakers. This ancestral home, with its captivating architecture and rich past, has graced the silver screen in films like Pazhassi Raja, Anwar, and Thattathin Marayathu, showcasing its timeless beauty and historical significance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com