ADVERTISEMENT

∙ കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നെടുംപൊയിൽ – പേര്യ ചുരം റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതോടെ, കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡാണ് നിലവിലെ ആശ്രയം. വീതികുറഞ്ഞ ഈ റോഡിലാകട്ടെ പലയിടത്തും മണ്ണിടിച്ചിലും.

റോഡരികിൽ വലിയ കരിങ്കല്ലുകൾ വീണുകിടക്കുന്നു. പ്രകൃതിക്ഷോഭത്തിൽ ഈ റോഡിലൂടെയുള്ള യാത്രയ്ക്കു പ്രതിസന്ധി നേരിട്ടാൽ കണ്ണൂർ ജില്ലയിൽനിന്നു വയനാട്ടിലെത്താൻ പിന്നെ കോഴിക്കോട്ടെ കുറ്റ്യാടി, താമരശ്ശേരി ചുരങ്ങളിലൊന്നു താണ്ടണം; ഇരട്ടിദൂരവും സമയവും ചെലവിട്ടുള്ള യാത്ര.

നിർദിഷ്ട അമ്പായത്തോട് – തലപ്പുഴ 44ാം മൈൽ ചുരമില്ലാപ്പാത വനത്തിലൂടെ മക്കിമല റോഡിലേക്ക് എത്തുന്ന ഭാഗം. ചിത്രങ്ങൾ: മനോരമ
നിർദിഷ്ട അമ്പായത്തോട് – തലപ്പുഴ 44ാം മൈൽ ചുരമില്ലാപ്പാത വനത്തിലൂടെ മക്കിമല റോഡിലേക്ക് എത്തുന്ന ഭാഗം. ചിത്രങ്ങൾ: മനോരമ

ജൂലൈ 30ന് മണ്ണിടിച്ചിലിനെത്തുടർന്നാണ് നെടുംപൊയിൽ – പേര്യ ചുരം റോഡ് താൽക്കാലികമായി അടച്ചത്. കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിൽ ഇരുഭാഗത്തേക്കും വലിയ വാഹനങ്ങൾക്കു സുഗമമായി പോകാനുള്ള സൗകര്യമില്ലെന്നതാണ് പ്രശ്നം. നിലവിലുള്ള 2 ചുരം റോഡുകളും നവീകരിക്കുന്നതിനൊപ്പം കണ്ണൂർ – വയനാട് യാത്രയ്ക്ക് മറ്റൊരു റോഡ് കൂടി വേണ്ടേ? 

മൂന്നാമതൊരു റോഡിനെ അനുകൂലിച്ചും എതിർത്തും പലരും രംഗത്തെത്തിയിട്ടുണ്ട്. കൊട്ടിയൂർ – അമ്പായത്തോട് – തലപ്പുഴ 44 റോഡാണ് ബദലായി പലരും ഉയർത്തിക്കാട്ടുന്നത്. കൊട്ടിയൂർ, തവിഞ്ഞാൽ പഞ്ചായത്തുകൾ ഈ ആവശ്യവുമായി രംഗത്തുണ്ട്. മൂന്നാമതൊരു സുരക്ഷിതപാത വേണമെന്ന് മന്ത്രി ഒ.ആർ.കേളു തന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 
മൂന്നാമതൊരു റോഡുകൂടി വന്നാൽ ജില്ലയിൽനിന്ന് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും വയനാട്ടിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുമുള്ള യാത്രയ്ക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് ഈ റോഡിനായി ആവശ്യപ്പെടുന്നവർ പറയുന്നത്. 

നിർദിഷ്ട ചുരമില്ലാപ്പാതയിൽ താഴെ പാൽച്ചുരത്തു നിന്നു വനാതിർത്തിയിലേക്കുള്ള വഴി.
നിർദിഷ്ട ചുരമില്ലാപ്പാതയിൽ താഴെ പാൽച്ചുരത്തു നിന്നു വനാതിർത്തിയിലേക്കുള്ള വഴി.

മൂന്ന് റോഡിനും പ്രാധാന്യം വേണം
∙ നിലവിലുള്ള 2 ചുരം റോഡുകളും ബലപ്പെടുത്തുകയും മൂന്നാമതൊരു റോഡ് നിർമിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിലവിലുള്ള 2 റോഡുകൾക്കും പ്രാധാന്യം കുറയാത്തവിധമായിരിക്കണം പുതിയ റോഡ് വരേണ്ടത്. വിമാനത്താവളം, ടൂറിസം എന്നിങ്ങനെ കണ്ണൂർ – വയനാട് യാത്രയ്ക്ക് അനുദിനം ആളുകളുടെ എണ്ണം കൂടിവരികയാണ്. കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡ് വികസനത്തിനും അറ്റകുറ്റപ്പണിക്കും സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 

അമ്പായത്തോട് – തലപ്പുഴ 44ാം മൈൽ നിർദിഷ്ട ചുരമില്ലാപ്പാതയിലെ താഴെ പാൽച്ചുരം ഭാഗം.
അമ്പായത്തോട് – തലപ്പുഴ 44ാം മൈൽ നിർദിഷ്ട ചുരമില്ലാപ്പാതയിലെ താഴെ പാൽച്ചുരം ഭാഗം.

കോഴിക്കോട് – വയനാട് താമരശ്ശേരി ചുരം റോഡിൽ യാത്രാ പ്രതിസന്ധി വരുമ്പോൾ കുറ്റ്യാടി ചുരം റോഡിനെയാണ് ആശ്രയിക്കുക. ഇവയുണ്ടായിരിക്കേ മൂന്നാമതൊരു റോഡിനായി പഠനം നടക്കുന്നുണ്ട്. മേപ്പാടി തുരങ്കപാത യാഥാർഥ്യത്തിലേക്ക് അടുക്കുകയുമാണ്. 

കൊട്ടിയൂർ – അമ്പായത്തോട് – തലപ്പുഴ 44 റോഡ് അനുകൂല ഘടകങ്ങളേറെ
∙ ചുരമില്ലാതെ ഈ റോഡ് നിർമിക്കാമെന്നാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറയുന്നത്.  കൊടുംവളവുകളില്ല, വലിയ കയറ്റങ്ങളുമില്ല.
∙ കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡുമായി താരതമ്യം ചെയ്യുമ്പോൾ ദൂരം കുറവാണ്. അമ്പായത്തോട് കവല മുതൽ തലപ്പുഴ 44 വരെ 8.35 കിലോമീറ്ററാണുള്ളത്. കൊട്ടിയൂർ പരിധിയിൽ 3.45 കിലോമീറ്ററും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ 3.6 കിലോമീറ്ററും കൊട്ടിയൂർ റിസർവ് വനത്തിൽ 1.3 കിലോമീറ്ററും. 
∙ അമ്പായത്തോട് മുതൽ താഴെ താഴെ പാൽച്ചുരം വരെ 3 കിലോമീറ്റർ നിലവിൽ ടാർ ചെയ്ത റോഡ് ഉണ്ട്. അതുപോലെ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് റോഡ് വന്നെത്തുന്നയിടത്തും ടാറിട്ട റോഡുണ്ട്. വനത്തിനുള്ളിലെ ഭാഗത്ത് മുൻപ് ഗതാഗതമുണ്ടായിരുന്നു. പിന്നീട് വനംവകുപ്പ് അതു നിർത്തലാക്കി. വനത്തിലൂടെയുള്ള റോഡ് നിർമിക്കുന്ന സ്ഥലത്തിനു പകരം കൊട്ടിയൂർ പഞ്ചായത്തുതന്നെ റവന്യുഭൂമി കൈമാറാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മുൻപ് വനംവകുപ്പ് കൊട്ടിയൂർ പഞ്ചായത്തിന് റോഡിനുള്ള സ്ഥലം വിട്ടുനൽകുകയും അതിനുള്ള ലീസ് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ലീസ് അടയ്ക്കുന്നതിനു മുടക്കം വന്നതോടെ ഗതാഗതം നിലച്ചു.  
വനംവകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിന് യൂസർ ഏജൻസിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് എംഎൽഎ മുഖേന റോയ് നമ്പുടാകം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. 
ഏജൻ‍സിയെ നിയമിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കമണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് മറുപടി നൽകിയിട്ടുണ്ട്.

English Summary:

This article discusses the urgent need for reliable road connectivity between Kannur and Wayanad districts in Kerala, India. With the closure of the Nedumpoil-Periya Pass Road due to landslides, the existing Kottiyoor-Boys Town Road struggles to handle the traffic load. The article explores the feasibility of the Kottiyoor-Ambayathode-Thalappuzha Road as a viable alternative route, emphasizing its advantages and the need for government intervention to expedite its development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com