ADVERTISEMENT

കണ്ണൂർ∙ ‘കണ്ണൂരിൽനിന്നു വയനാട്ടിലേക്കുള്ള ഇപ്പോഴത്തെ യാത്ര പേടിപ്പെടുത്തും. കൊട്ടിയൂർ–ബോയ്സ്ടൗൺ റോഡിൽ കല്ലും മണ്ണുമെല്ലാം വീണുകിടക്കുന്നതു കാണുമ്പോൾ ഏതൊരു യാത്രക്കാരനും പേടിക്കും. ഞാനും പേടിച്ചു. നിലവിലുള്ള 2 ചുരം റോഡുകൾ പൂർണ ഗതാഗതയോഗ്യമാക്കിയാലും കൊട്ടിയൂർ– അമ്പായത്തോട് തലപ്പുഴ 44ാം മൈൽ സമാന്തരപാത എന്ന മൂന്നാം റോഡ് യാഥാർഥ്യമാകണം. ഇക്കാര്യം സംബന്ധിച്ച് നിയമസഭയിൽ ഞാൻ സബ്മിഷൻ ഉന്നയിക്കുന്നുണ്ട്’– പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. 

‘മൂന്നാമത്തെ റോഡിന്റെ ആവശ്യത്തെക്കുറിച്ചു സംസാരിക്കാൻ മരാമത്ത് മന്ത്രിയെയും മുഖ്യമന്ത്രിയെയും കാണുന്നുണ്ട്. നിലവിലുള്ള റോഡുകൾക്കു പകരമുള്ള റോഡ് എന്ന രീതിയിലല്ല കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44–ാം മൈൽ പാതയെ കാണേണ്ടത്. ചുരമില്ലാത്ത, പെട്ടെന്നെത്തുന്ന പാതയായിട്ടുവേണം ഇതിനെ കാണാൻ. ഈ പാത യാഥാർഥ്യമാക്കാൻ വർഷങ്ങളായി ഞാൻ ശ്രമം തുടങ്ങിയിട്ട്. ഇതിനായി ഒട്ടേറെ യോഗം വിളിച്ചു. എംപിയും ജനപ്രതിനിധികളും നാട്ടുകാരുമൊക്കെ പങ്കെടുത്ത യോഗം നടത്തിയിരുന്നു. മുഖ്യമന്ത്രിക്കു പലതവണ നിവേദനം നൽകി. 

സണ്ണി ജോസഫ് എംഎൽഎ
സണ്ണി ജോസഫ് എംഎൽഎ

ഈ റോഡ് യാഥാർഥ്യമാകണമെങ്കിൽ സ്ഥലം ലഭിക്കാൻ വനംവകുപ്പിന്റെ അനുമതി വേണം. അതുനേടിയെടുക്കാൻ ഒരു യൂസർ ഏജൻസിയെ ചുമതലപ്പെടുത്തണം. അതാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. കൂട്ടുപുഴ പാലത്തിന്റെ കാര്യത്തിൽ ഇക്കാര്യം എനിക്കു ബോധ്യപ്പെട്ടതാണ്. രണ്ടു തൂൺ നിർമിച്ചപ്പോഴാണ് തടസ്സവാദം വന്നത്. പിന്നീടതു യാഥാർഥ്യമാക്കാൻ എത്രയെത്ര യാത്രകൾ വേണ്ടിവന്നു. കർണാടകയിൽ എത്രയോ യോഗങ്ങളിൽ പങ്കെടുത്തു. യൂസർ ഏജൻസിയെ ചുമതലപ്പെടുത്തിയാലുള്ള സൗകര്യം അന്നേരമാണ് എനിക്കു ബോധ്യമായത്. 

thalassery-periya-churam-road-reconstrution-started2
തലശ്ശേരി – പേര്യ – ബാവലി സംസ്ഥാനാന്തര പാതയിൽ ചന്ദനത്തോടിനു സമീപം ചുരത്തിലെ നാലാം വളവിൽ പുനർ നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായ നിലയിൽ.

‌റോഡ് നിർമാണത്തിനു വനംവകുപ്പ് വിട്ടുനൽകുന്ന സ്ഥലത്തിനു പകരം നൽകാൻ എത്രയോ സ്ഥലം പഞ്ചായത്തിന്റെ കൈവശമുണ്ട്. പത്തിരട്ടി സ്ഥലം വരെ നൽകാൻ കഴിയും. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ആയിരക്കണക്കിനു ടൂറിസ്റ്റുകളാണ് ഓരോ സീസണിലും വയനാട്ടിലേക്കു പോകുന്നത്. അതുപോലെ തീർഥാടനത്തിനും കച്ചവട ആവശ്യത്തിനും ഇങ്ങോട്ടു വരുന്നതും ആയിരങ്ങളാണ്. അവർക്കൊക്കെ സുരക്ഷിതയാത്ര ഉറപ്പാക്കണം. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താൻ മരാമത്ത് മന്ത്രിയെയും മുഖ്യമന്ത്രിയെയും കാണുന്നുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ.’– സണ്ണി ജോസഫ് പറ‍ഞ്ഞു.

പേര്യ ചുരം റോഡ്: പുനർനിർമാണം തുടങ്ങി 
ചന്ദനത്തോട്∙ തലശ്ശേരി - പേര്യ – ബാവലി സംസ്ഥാനാന്തര പാതയിൽ പേര്യ ചുരത്തിലെ നാലാം വളവിൽ വിള്ളൽവീണ ഭാഗത്ത് പുനർനിർമാണം ആരംഭിച്ചു. 4ന് നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിനെത്തുടർന്നാണ് പണികൾ നിലച്ചത്‌. ബുധനാഴ്ച നിർമാണം പുനരാരംഭിക്കുമെന്നായിരുന്നു കരാറുകാരൻ പറഞ്ഞിരുന്നത്. എന്നാൽ പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ പണികൾ നടത്താൻ പ്രയാസമായി. 4 ദിവസത്തിനുള്ളിൽ 2 തവണ മണ്ണിടിച്ചിലുണ്ടായി. മഴ പെയ്യുന്നതിനാൽ കോൺക്രീറ്റ് ചെയ്യാൻ സാധ്യമല്ലെന്നു തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മണ്ണിടിച്ചിൽമൂലം മണ്ണു നീക്കവും തടസ്സപ്പെട്ടു. 

കണ്ണൂർ ജില്ലയുടെ ഭാഗത്താണ് ഒടുവിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. മറുഭാഗത്ത് മണ്ണിടിഞ്ഞ് റോഡിന്റെ വശത്തെ മൺതിട്ടയും തകർന്നിട്ടുണ്ട്. നിർമാണ ഉപകരണങ്ങൾ മോഷണം പോയതായും പരാതിയുണ്ട്. ചെറിയ ജനറേറ്റർ, ലൈറ്റുകൾ എന്നിവയെല്ലാം മോഷണം പോയി.  സൈറ്റിലെ കസേരയും പാത്രങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.‍ അതിനിടെ റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ എന്ന സണ്ണി ജോസഫ്‌ എംഎൽഎയുടെ ചോദ്യത്തിന് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു.

English Summary:

This article highlights the urgent need for a safer road connecting Kannur and Wayanad, focusing on MLA Sunny Joseph's proposal for a new route. It also covers the challenges faced in reconstructing the existing Perya Ghat road due to landslides and theft.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com