ADVERTISEMENT

ചപ്പാരപ്പടവ് ∙ ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല’ എന്ന പഴമൊഴി അന്വർഥമാക്കുന്ന വിധത്തിലാണ് ചപ്പാരപ്പടവ് പാലത്തിന്റെ ശോച്യാവസ്ഥയോട് അധികൃതരുടെ സമീപനം. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച ഈ പാലം ബലപ്പെടുത്താനുള്ള നടപടി വർഷങ്ങളായിട്ടും നടപ്പായിട്ടില്ല. മൂന്നര പതിറ്റാണ്ട് പഴക്കമേയുള്ളൂ എങ്കിലും ദുർബലാവസ്ഥയിലാണ് ഈ പാലം. തൂണുകളും സ്ലാബുകളും ജീർണിച്ചു തുടങ്ങി. തൂണുകളുടെയും ബീമുകളുടെയും കോൺക്രീറ്റ് ഭാഗങ്ങൾ ദിനംപ്രതി അടർന്നു വീഴുന്നു.

ചപ്പാരപ്പടവ് പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഭാഗം തകർന്ന് കമ്പി പുറത്തായ നിലയിൽ
ചപ്പാരപ്പടവ് പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഭാഗം തകർന്ന് കമ്പി പുറത്തായ നിലയിൽ

ഇതിനെത്തുടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. സ്ലാബുകളുടെ അടിവശത്തും കമ്പികൾ പുറത്താണ്. പുറത്തായ കമ്പികളെല്ലാം ദ്രവിച്ചു തുടങ്ങി. ഒഴുകിവന്ന മരങ്ങൾ ഇടിച്ച് പാലത്തിന്റെ തൂണുകൾ ബലക്ഷയത്തിലാണ്. മുൻകാലങ്ങളിലുണ്ടായ പ്രളയങ്ങളിലും വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തിയ വൻമരങ്ങൾ ഇടിച്ചാണ് തൂണുകൾക്ക് ബലക്ഷയം സംഭവിച്ചത്.

പട്ടികയിൽ നിന്ന് പുറത്ത്
മൂന്നു വർഷങ്ങൾക്കു മുൻപ് മരാമത്ത് വകുപ്പ് ബലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച പാലങ്ങളുടെ പട്ടികയിൽ ചപ്പാരപ്പടവ് പാലം ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒഴിവാക്കപ്പെട്ടു. നിയമസഭയിലും ഇക്കാര്യം അവതരിപ്പിക്കപ്പെട്ടതാണ്. എന്നാൽ ചപ്പാരപ്പടവ് പാലം എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.

ഏറെക്കാലമായുള്ള ആവശ്യം
ചപ്പാരപ്പടവ് പാലം പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് അവർ ഈ ആവശ്യവുമായി രംഗത്തെത്തിയത്. ബന്ധപ്പെട്ട അധികൃതർക്ക് സംഘടനയിലൂടെയും അല്ലാതെയുമായി ഒട്ടേറെ നിവേദനങ്ങളും നൽകിയിരുന്നു. നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി യോഗം ഇത് സംബന്ധിച്ച് പ്രമേയവും പാസാക്കി.

മലയോര മേഖലയെ കോർത്തിണക്കുന്ന  പാലം
മലയോര മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാരപ്പടവ് പാലം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് യാഥാർഥ്യമായത്. അതിനുമുൻപ് ചപ്പാരപ്പടവ് പുഴയ്ക്ക് അക്കരെയിക്കരെയുമായി ഒട്ടേറെ പ്രദേശങ്ങൾ വേർപെട്ടുകിടക്കുകയായിരുന്നു. അതിനാൽ പാലത്തെ വളരെയേറെ ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയുമാണ് നാട്ടുകാർ വരവേറ്റത്. പാലത്തിനോടുള്ള അധികൃതരുടെ അവഗണന തുടർന്നാൽ മുൻപുള്ള അവസ്ഥയിലേക്ക് പോകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.

പരിശോധനകൾ പലവട്ടം
ബലക്ഷയം സംഭവിച്ച ചപ്പാരപ്പടവ് പാലം ഒട്ടേറെ തവണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഒടുവിൽ ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) സംഘവും പാലം പരിശോധിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയാണ് പാലം പരിശോധന നടന്നത്. പാലം ബലപ്പെടുത്തുന്നത്തിന് മറ്റൊരു പാലം നിർമിക്കുന്നതിന് തുല്യമായ തുക ചെലവഴിക്കേണ്ടി വരുമെന്ന കണ്ടെത്തലിൽ പുനർനിർമാണമാണ് അഭികാമ്യമെന്ന് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതെല്ലാം കഴിഞ്ഞ് രണ്ടര വർഷമായിട്ടും തുടർനടപടി ഉണ്ടായില്ല. അപകട ഭീഷണി ഉയർത്തുന്ന ഈ പാലം ഉദ്യോഗസ്ഥർ മറന്ന മട്ടാണ്.

ചപ്പാരപ്പടവ് പാലം ബലപ്പെടുത്താനുള്ള നടപടി നീണ്ടുപോകുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. പാലം ദുർബലാവസ്ഥയിലായിട്ട് വർഷങ്ങളായി. പരിശോധന പലതവണ നടന്നതല്ലാതെ തുടർനടപടി ഉണ്ടായില്ല. പാലം ബലപ്പെടുത്താനുള്ള നടപടി എത്രയും വേഗം ഉണ്ടാകണം. 

 

English Summary:

The Chapparapadavu Bridge, crucial for connecting communities in the hilly region, is facing imminent collapse due to severe structural damage and years of official neglect. Despite community outcry, a resolution by the Chappara Panchayat, and confirmed reports of the bridge's dangerous condition, authorities have yet to initiate any repairs or reconstruction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com