ADVERTISEMENT

കണിച്ചാർ ∙ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കവും വാക്കേറ്റവും പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് സംബന്ധിച്ച പരിശോധന നടത്തുന്നതിന് ഇടയിലാണ് വാക്കേറ്റവും തർക്കം ഉണ്ടായത്.  നാട്ടിൽ ഉള്ളവരും പട്ടികയിൽ പേരുള്ളവരുമായ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ തള്ളിക്കളയാൻ ശ്രമിച്ചെന്നാരോപിച്ചാണ് തർക്കമുണ്ടായത്.

എഴുപതോളം വോട്ടുകളാണ് തള്ളിക്കളയാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായത് എന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ ആരോപിച്ചു. തള്ളുന്നവരുടെ ലിസ്റ്റിൽ പേരുണ്ടായിരുന്ന വോട്ടർമാരിൽ ബഹു ഭൂരിപക്ഷം പേരെയും പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുമായി തർക്കം ആരംഭിച്ചത്. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ മംഗലത്തിൽ സുനി ജസ്റ്റിൻ, സുരുവി റിജോ, സുരേഖ സജി, ജോജൻ എടത്താഴെ എന്നിവരും കോൺഗ്രസ് നേതാക്കളും പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് സ്ഥലത്ത് എത്തി ഇടപെടുകയായിരുന്നു. 

നാട്ടിൽ ഉള്ളവരുടെ വോട്ട് തള്ളിക്കളഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് അറിയിച്ചു. ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം രാജി വച്ചിരുന്നു. ഇതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആരംഭിച്ചതു മുതൽ വിവാദങ്ങളും ആരംഭിച്ചിരുന്നു. മറ്റു പഞ്ചായത്തുകളിലെ അക്ഷയ സെന്ററുകൾ വഴി നാട്ടിൽ ഇല്ലാത്തവരുടെ പേരിൽ വോട്ട് ചേർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ആദ്യം കോൺഗ്രസ് രംഗത്ത് വന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ ആദ്യമായാണ് കണിച്ചാർ പഞ്ചായത്തിൽ സിപിഎം ഭരണത്തിൽ എത്തുന്നത്. ഒരംഗത്തിന്റെ ഭൂരിപക്ഷമാണുള്ളത്. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഭരണം നഷ്ടപ്പെടും. 

English Summary:

A heated confrontation erupted in Kanichar Panchayat between Congress workers and officials over alleged voter list irregularities ahead of a by-election. Congress claims officials attempted to remove legitimate voters to swing the election in favor of the ruling CPM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com