ADVERTISEMENT

തലശ്ശേരി ∙ മകനെ തേടി അലഞ്ഞ ഹരിയാന ഫത്തേബാദ് ജില്ലയിലെ തൊഹാനയിലെ സുശീൽകുമാർ എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ചിൽഡ്രൻസ് ഹോം അങ്കണത്തിൽ മകൻ നവീൻകുമാറിനെ (23) കണ്ടതോടെ മകനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീരണിഞ്ഞു. 2021ൽ ഹരിയാനയിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ് ജന്മനാ സംസാരശേഷിയില്ലാത്തതും ശാരീരിക അവശതകളുമുള്ള മകൻ നവീൻ കുമാർ. പൊലീസിൽ പരാതി നൽകി മകനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സുശീൽകുമാർ തിരയാത്ത സ്ഥലങ്ങളില്ല.

കേസ് അന്വേഷിക്കുന്ന ഹരിയാന ക്രൈംബ്രാഞ്ച് എഎസ്ഐ രാജേഷ് കുമാർ മിസ്സിങ് പഴ്സൺ കേരള എന്ന വാട്സാപ് ഗ്രൂപ്പിൽ തലശ്ശേരി ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ.മുഹമ്മദ് അഷ്റഫ് ഇട്ട പോസ്റ്റ് കണ്ടു. അതിലെ പടം താൻ അന്വേഷിക്കുന്ന യുവാവിന്റേതാണെന്നു മനസ്സിലായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. വൈകാതെ അഷ്റഫിനെത്തേടി ഹരിയാനയിൽ നിന്ന് വിഡിയോകോൾ എത്തി. യുവാവിനെ ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തു. ഉടനെ സുശീൽകുമാർ രാജേഷിനൊപ്പം കേരളത്തിലേക്കു പുറപ്പെട്ടു.

14ന് രാത്രി 10ന് മട്ടനൂർ കൊളോളത്താണ് യുവാവിനെ നാട്ടുകാർ കാണുന്നത്.  പൊലീസ് എത്തി ചിൽഡ്രൻസ് ഹോമിലാക്കി. സൂപ്രണ്ട് മുഹമ്മദ് അഷ്റഫ് വാട്സാപ് ഗ്രൂപ്പിൽ  വിവരം നൽകി. നാലു മണിക്കൂറിനകം ബന്ധുക്കളെ കണ്ടെത്തി. ഇന്നലെ പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുശീൽകുമാറും രാജേഷ്കുമാറും ചിൽഡ്രൻസ് ഹോമിൽ എത്തി. ചൈൽഡ് വെൽഫയർകമ്മിറ്റി ചെയർമാൻ കെ.രവി, അംഗം ഹംസ എന്നിവർക്കു മുൻപാകെ ഹാജരായി രേഖകൾ സമർപ്പിച്ച് മകനെ ഏറ്റുവാങ്ങി എല്ലാവരോടും നന്ദി പറഞ്ഞ് നാട്ടിലേക്കു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com