ജില്ലയിലെ ആദ്യ നഗരവനം ഇരിട്ടിയിൽ; ഉദ്ഘാടനം നാളെ
Mail This Article
ഇരിട്ടി ∙ ഡൽഹി മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത നഗർവനം പദ്ധതി പ്രകാരം ജില്ലയിലെ ആദ്യത്തെ ‘നഗരവനം’ ഇരിട്ടി വള്ള്യാട് ഒരുങ്ങി. നാളെ 10 ന് നേരംപോക്കിൽ ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം നടത്തും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സാമുഹിക വനവൽക്കരണ വിഭാഗത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന സഞ്ജീവനി ഔഷധ ഉദ്യാനമാണു 40 ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടത്തി കൂടുതൽ മനോഹരമാക്കിയിട്ടുള്ളത്.
ഇരിട്ടി – എടക്കാനം റോഡിൽ പഴശ്ശി ജലസേചന വിഭാഗത്തിന്റെ 10 ഹെക്ടറോളം സ്ഥലത്ത് 2003 ൽ വനം വകുപ്പിന്റെ നിയന്ത്രണത്തിൽ സ്ഥാപിച്ച ഔഷധ ഉദ്യാനം കാട് കയറി തകർച്ചയുടെ വക്കിലായിരുന്നു. 25 ഇനങ്ങളിലൂള്ള ഔഷധ ചെടികളാണ് വച്ചുപിടിപ്പിച്ചത്. കാട് കയറിയെങ്കിലും ഇവയിൽ 1000 ഓളം ചെടികൾ വളർന്നു അവശേഷിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ 6000 വൃക്ഷത്തൈകൾ കൂടി നട്ടുപിടിപ്പിച്ചു ബൊട്ടാണിക്കൽ ഗാർഡൻ ആക്കിയാണ് ഇപ്പോൾ നഗരവനം ആക്കിയിട്ടുള്ളത്.
7 ഹെക്ടറോളം സ്ഥലത്ത് നടപ്പാത സൗകര്യം ഒരുക്കി. 3.5 ഹെക്ടറോളം സ്ഥലം അടിക്കാട് വെട്ടി നവീകരിച്ചു. 50 ഇരിപ്പിടങ്ങൾ ഒരുക്കി. ടിക്കറ്റ് കൗണ്ടറും ശുചിമുറി ബ്ലോക്കും ഉൾപ്പെടെ ഒന്നാംഘട്ട വികസന പ്രവൃത്തികൾ പൂർത്തീകരിച്ചു. കണ്ണൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം എസിഎഫ് ജോസ് മാത്യു, റേഞ്ചർ പി.സുരേഷ്, ഫോറസ്റ്റർമാരായ എം.ഡി.സുമതി, പി.പ്രസന്ന, ഇ.കെ.സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സി.ടിന്റു എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. എൻസിപി നേതാവ് അജയൻ പായവും ഒപ്പമുണ്ടായിരുന്നു.
പ്രദേശത്തെ കുടുംബങ്ങളുടെ കൂട്ടായ്മയായി രൂപീകരിച്ച ‘വള്ള്യാട് ഗ്രാമ ഹരിത സമിതി’ക്കാണ് നടത്തിപ്പ് ചുമതല. മുൻ നഗരസഭാധ്യക്ഷൻ പി.പി.അശോകൻ പ്രസിഡന്റായ സമിതിയിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.ഡി.സുമതിയാണ് സെക്രട്ടറി.
തൂക്കുപാലം പദ്ധതിയിൽ
2–ാം ഘട്ടത്തിൽ 30 ലക്ഷം രൂപ ചെലവിൽ 10 ഹെക്ടറിൽ ട്രക്ക്പാത്ത്, നടപ്പാത, ഇന്റർലോക്ക് വിരിക്കൽ, ഊഞ്ഞാലുകൾ, ഏറുമാടങ്ങൾ, കുളം എന്നിവ സ്ഥാപിക്കും. മൂന്നാം ഘട്ടത്തിൽ പെരുമ്പറിലെ ഇരിട്ടി ഇക്കോ പാർക്കിലേക്ക് വള്ള്യാട് നിന്നും സഞ്ചാരികൾക്കായി തുഴ വഞ്ചികൾ, വനംവകുപ്പിന്റെ ഓഫിസും മ്യൂസിയം ഇന്റർപ്രട്ടേഷൻ സെന്റർ, പരിസ്ഥിതി ബോധവൽക്കരണ ക്യാംപുകൾക്കും ക്ലാസുകൾക്കും ഉള്ള സൗകര്യം, വള്ള്യാട്, പെരുമ്പറമ്പ് പാർക്കുകളെ കോർത്തിണക്കിയും വള്ള്യാട് പാർക്കിൽ നിന്ന് ഇരിട്ടി – എടക്കാനം റോഡിലേക്കും പഴശ്ശി ജലാശയത്തിന് മുകളിലൂടെ തൂക്കുപാലങ്ങൾ എന്നിവ സ്ഥാപിക്കും.