ADVERTISEMENT

കണ്ണൂർ ∙ ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന ഗതാഗത ക്ലേശം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് 22 മുതൽ റൂട്ടിലെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നതിനോടൊപ്പം മേഖലയിലെ പ്രാദേശിക റൂട്ടുകളിൽ ഓടുന്ന ബസുകളും ഓട്ടം നിർത്തിവയ്ക്കും.

കണ്ണൂർ നഗരത്തിൽനിന്ന് തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾക്ക് നടാൽ റെയിൽവേ ഗേറ്റ് കടന്നാൽ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ തിരിച്ച് കണ്ണൂർ ഭാഗത്തേക്ക് വീണ്ടും ഓടി ചാല ഭഗവതി ക്ഷേത്രം സ്റ്റോപ്പിൽ എത്തേണ്ടി വരും. യാത്രാക്ലേശം പരിഹരിക്കാൻ നടപടികളില്ലാത്തതിൽ പ്രതിഷേധിച്ചാണ് ബസുകൾ ഓട്ടം നിർത്തുന്നത്. 

കണ്ണൂർ–തോട്ടട–തലശ്ശേരി, കണ്ണൂർ–ചാല–തലശ്ശേരി റൂട്ടിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസുകളടക്കം മേഖലയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്ന് കണ്ണൂർ ആശുപത്രിയിലേക്ക് ഓടുന്ന സ്വകാര്യ ബസുകളും ഓട്ടം നിർത്തും. ചക്കരക്കല്ലിൽനിന്ന് എടക്കാട് വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകളും ഓട്ടം നിർത്തുമെന്ന് ഉടമകൾ പറഞ്ഞു.‌

നാളെ വൈകിട്ട് 4.30 ന് തോട്ടട ബസാറിൽ പൊതുയോഗവും 22 ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ എൻഎച്ച് ഓഫിസിലേക്ക് മാർച്ച് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. 

ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരൻ, കെ.പി.മുരളീധരൻ, ഇ.മോഹനൻ, പി.അജിത്ത് കുമാർ, കെ.പി.മോഹനൻ, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.മോഹനൻ, താവം ബാലകൃഷ്ണൻ, കെ.വി.ശ്രീജിത്ത്, വി.വി.ശശീന്ദ്രൻ, രജിമോൾ, പുഷ്പലത എന്നിവർ പ്രസംഗിച്ചു.

English Summary:

Beginning August 22nd, private bus services on the Kannur-Thottada-Thalassery route will halt, protesting unresolved traffic issues caused by National Highway construction. Local buses will also join the strike, affecting commuters in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com