പണം വിഴുങ്ങി ആരൂഢം പദ്ധതി; അഞ്ചേമുക്കാൽ കോടി രൂപ ചെലവിട്ട ആരൂഢം പദ്ധതിയുടെ അവസ്ഥ ദയനീയം
Mail This Article
മയ്യിൽ ∙ ആരൂഢം പദ്ധതി പൂർണതോതിൽ നടപ്പായില്ല; നോക്കുക്കുത്തിയായിത്തീർന്ന, ചട്ടുകപ്പാറയിലെ കൂറ്റൻ കെട്ടിടത്തിലും പരിസരത്തിലും പ്രതിവർഷം ചെലവാക്കുന്നത് ലക്ഷങ്ങൾ. പത്തുവർഷമായി ഇപ്പോഴും നിർമാണ പ്രവൃത്തികൾ തുടരുകയാണ്. ഇരുനിലകളിലായി നിർമിച്ച കെട്ടിടത്തിൽ വിശാലമായ ഓപ്പൺ സ്റ്റേജ്, ചെറുതും വലുതുമായ പ്രോഗ്രാം അവതരിപ്പിക്കുന്നതിനു മതിയായ സൗകര്യങ്ങളോടു കൂടിയ ഹാളുകൾ, കോൺഫറൻസ് ഹാളുകൾ, ക്ലാസുകൾ നടത്തുന്നതിനു മതിയായ മിനി ഹാളുകൾ (ഹാളുകളിൽ മിക്കവയും ശീതീകരണ സംവിധാനങ്ങളോടുകൂടിയവയാണ്), താമസസൗകര്യത്തോടു കൂടിയ മുറികൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുണ്ടെങ്കിലും പലതിന്റെയും പണി പൂർത്തിയായിട്ടില്ല.
കെട്ടിടത്തിനു പിൻവശത്തുള്ള വാൽക്കണ്ണാടിക്കുളവും ഉപയോഗശൂന്യമാണ്. 2013-14 സാമ്പത്തിക വർഷം നവംബറിൽ ജില്ലാ പഞ്ചായത്ത് വികസന ഫണ്ടും തനത് ഫണ്ടും ജില്ലയിലെ 19 തദ്ദേശസ്ഥാപനങ്ങളിൽനിന്നു ലഭിച്ച ഫണ്ടും (25 ലക്ഷം) ഉപയോഗിച്ചാണ് ആരൂഢത്തിനായി കെട്ടിടനിർമാണം ആരംഭിച്ചത്. നാളിതുവരെ അഞ്ചേമുക്കാൽ കോടി രൂപ ചെലവായി. എന്നിട്ടും കെട്ടിടം പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. വാർഷിക പദ്ധതികളിലൂടെയാണ് ഓരോ പ്രവൃത്തിയും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നതെന്നും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരൂഢത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുമെന്നുമാണു ജില്ലാ പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. ഉറപ്പ് പാലിക്കപ്പെടുമോയെന്നു കാത്തിരുന്നുതന്നെ കാണണം.
ആരൂഢം ലക്ഷ്യമിട്ടത് കുട്ടികളുടെ ഉന്നമനം
ശിശുവികസന, ശിശുപരിപാലന പദ്ധതികൾക്കുള്ള തറവാടെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തതാണ് ആരൂഢം. പ്രീപ്രൈമറിതലം തൊട്ടുള്ള കുട്ടികളിൽ സാമൂഹികചിന്ത, ചരിത്രാവബോധം, മാനവികത, പ്രകൃതിസ്നേഹം എന്നിവ വളർത്തിയെടുക്കുകയാണു ലക്ഷ്യം. പഴയ തലമുറയുമായി നിരന്തരം സംവദിക്കാൻ അവസരമുണ്ടാക്കാനും കാർഷികസംസ്കാരം, മാനുഷിക മൂല്യങ്ങൾ, പഴയ മുത്തശ്ശിക്കഥകൾ, പാട്ടുകൾ, കളികൾ എന്നിവ പുതുതലമുറയ്ക്കു പകർന്നുനൽകാനും കുട്ടികളുടെ വിവിധ അവകാശപ്രഖ്യാപനങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഇതുവരെ പദ്ധതിയുടെ പേരിൽ ആകെ നടന്നത് കുട്ടികൾക്കായുള്ള സഹവാസ ക്യാംപും പ്രീമാരിറ്റൽ കൗൺസലിങ്ങും മാത്രം. ക്യാംപ് പേരിനു മാത്രമായിരുന്നെങ്കിൽ കൗൺസലിങ് മാസങ്ങൾക്കുള്ളിൽ അവസാനിപ്പിച്ചു.