പേര്യ ചുരത്തിലൂടെ ഗതാഗതം പുനരാരംഭിക്കാൻ ആവശ്യമെങ്കിൽ ബെയ്ലിപ്പാലം നിർമിക്കണം: സണ്ണി ജോസഫ്
Mail This Article
ചന്ദനത്തോട്∙ തലശ്ശേരി ബാവലി പാതയിലെ പേര്യ ചുരത്തിലൂടെ ഗതാഗതം പുനരാരംഭിക്കാൻ ആവശ്യമെങ്കിൽ ബെയ്‌ലി പാലം നിർമിക്കണം എന്ന് സണ്ണി ജോസഫ് എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾ കാരണം റോഡിന്റെ പുനർ നിർമാണത്തിൽ പ്രതിസന്ധികൾ കണ്ടേക്കാം. അത്തരം മേഖലകളിൽ റോഡിന് പകരം പാലങ്ങൾ പണിയണം. പാലങ്ങൾ നിർമിക്കാൻ കാലതാമസം വരുന്നതിനാൽ അടിയന്തരമായി ബെയ്‌ലി പാലം നിർമിച്ച് ഗതാഗതം സാധ്യമാക്കണം. കേരളത്തിൽ തന്നെ രണ്ടിടത്ത് ബെയ്‌ലി പാലം നിലവിൽ ഉണ്ട്.
ഈ റോഡിലൂടെ ഗതാഗതം സാധ്യമാക്കുന്നതിന് വേഗത്തിൽ നടപടി സ്വീകരിക്കണം എന്ന് നിയമസഭയിൽ പല തവണ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഗൗരവതരമായ ഒരു മറുപടിയോ നടപടിയോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ഒ.ആർ.കേളുവും സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ സർക്കാർ ഇപ്പോഴും ഉദാസീന നയം തുടരുകയാണ് എന്നും സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു.
മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, വൈസ് പ്രസിഡന്റ് ജോസ് പാറയ്ക്കൽ, ലിസി ജോസഫ്, ബൈജു വർഗീസ്, മീനാക്ഷി രാമൻ, അസീസ് വാളാട്, ജോസ് കൈനിക്കുന്നേൽ, സ്വപ്ന പ്രിൻസ്, സൽമ മൊയിൽ, എം.ജി.ബാബു, ടോമി ഓടയ്ക്കൽ, ഷിനോ സെബാസ്റ്റ്യൻ, മോയിൻ കാസ്മീം എന്നിവരോടൊപ്പം പേര്യ ചന്ദനത്തോട്ടിൽ റോഡ് തകർന്ന ഭാഗം എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.