പുറവയലിൽ കിണറ്റിൽ വീണ ഈനാംപേച്ചിയെ രക്ഷപ്പെടുത്തി ഉൾക്കാട്ടിൽ വിട്ടു
Mail This Article
ഉളിക്കൽ ∙ പുറവയലിൽ പുരയിടത്തിലെ കിണറ്റിൽ വീണ ‘ഈനാംപേച്ചി’യെ വനപാലകർ രക്ഷപ്പെടുത്തി കൂട്ടിലാക്കി ഉൾക്കാട്ടിൽ തുറന്നുവിട്ടു. കണിപ്പള്ളിൽ ജോസിന്റെ പുരയിടത്തിലെ കിണറ്റിലാണ് ഇന്നലെ ഈനാംപേച്ചിയെ കണ്ടത്. 11 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളത്തിനു മുകളിലെ പടവിൽ ഇരിക്കുന്ന നിലയിലായിരുന്നു. ആളനക്കം മനസ്സിലാക്കിയതോടെ കിണറ്റിൽ തന്നെ പൊത്ത് ഉണ്ടാക്കി കയറിക്കൂടി.
ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികൂമാറിന്റെ നേതൃത്വത്തിൽ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനും ആയ ഫൈസൽ വിളക്കോട് ഉൾപ്പെടുന്ന സംഘം 3 മണിക്കൂറോളം പരിശ്രമിച്ചാണ് ഈനാംപേച്ചിയെ കൂട്ടിലാക്കിയത്. കിണറ്റിൽ നെറ്റിൽ ഇറങ്ങി പൊത്ത് കിളച്ചു കുടുക്കിട്ട് പിടികൂടി കൂട്ടിലാക്കുകയായിരുന്നു. ആർആർടി ഡപ്യൂട്ടി റേഞ്ചർ കെ.രമേശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഭിനന്ദ് വല്യാടൻ, എം.ഇ.വിപിൻ, എൻ.വി.നകുലൻ, ഡ്രൈവർ രാഗേഷ്, മാർക്ക് പ്രവർത്തകരായ സാജിദ് ആറളം, സാജിദ് കാവുംപടി, വാച്ചർമാരായ വേണു, അഖിൽ എന്നിവരും വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.