വാഹനാപകടത്തിൽ മരിച്ച 3 തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിടചൊല്ലി നാട്
Mail This Article
പയ്യന്നൂർ ∙ ഒരുമിച്ച് തൊഴിലെടുത്ത്, ഒരുകുടുംബം പോലെ ജീവിച്ചവരുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു ഇന്നലെ രാമന്തളി ഗ്രാമം. തിങ്കളാഴ്ച രാവിലെയായിരുന്നു കല്ലേറ്റുംകടവിൽ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ കുരിശുമുക്കിൽ വച്ച് പി.വി.ശോഭയെയും ടി.വി.യശോദയെയും ബി.പി.ശ്രീലേഖയെയും അമിത വേഗത്തിൽ വന്ന പിക്കപ് വാൻ ഇടിച്ച് തെറിപ്പിച്ചത്. ശോഭ സംഭവ സ്ഥലത്ത് വച്ചും യശോദയും ശ്രീലേഖയും പിന്നീടും മരിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെ മൂന്ന് ആംബുലൻസുകളിൽ നിന്ന് പ്രിയ സഹോദരിമാരുടെ ചേതനയറ്റ ശരീരം തിങ്ങിനിന്ന ജനഹൃദയങ്ങൾക്കിടയിലേക്ക് കൊണ്ടു വന്നപ്പോൾ രാമന്തളി ഗ്രാമം വിതുമ്പി. ശോഭയെയും യശോദയെയും ശ്രീലേഖയെയും അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാമന്തളിയിലെ പറമ്പുകളിലും പാതയോരങ്ങളിലും ജോലി ചെയ്യാൻ ഇനി ഇവർ ഇല്ല.
രാവിലെ തന്നെ കല്ലേറ്റുംകടവിലെ യുവജന കലാസമിതി വായനശാലയ്ക്ക് സമീപം നാടിന്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു. റോഡ് മുഴുവൻ ആളുകൾ നിറഞ്ഞു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ പ്രിയപ്പെട്ടവരെ കണ്ട് യാത്രാമൊഴി ചൊല്ലാൻ എത്തി. മൂന്ന് പേരുടെയും മൃതദേഹം ഒരുമിച്ച് പൊതുദർശനത്തിന് വച്ചപ്പോൾ കണ്ടുനിന്നവർക്ക് സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല, ഏവരും പൊട്ടിക്കരഞ്ഞു. വേർപാട് സഹിക്കാനാകാതെ തളർന്നു വീണ അമ്മമാരെ സമീപത്തെ വീടുകളിലേക്ക് മാറ്റി. മണിക്കൂറുകളോളം കാത്തു നിന്നാണ് പലരും തങ്ങളുടെ സഹോദരിമാരെ കണ്ടത്.
ഇവരെ അറിയാത്ത സഹോദരിമാർ പോലും തൊഴിലുറപ്പ് നിർത്തിവച്ച് കല്ലേറ്റുംകടവിലേക്ക് എത്തി. വായനശാലയ്ക്ക് സമീപത്തെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം അവരവരുടെ വീടുകളിൽ എത്തിച്ചു. മൂവരുടെയും മക്കൾ അമ്മമാർക്ക് അന്ത്യചുംബനങ്ങൾ നൽകി. കരഞ്ഞു തളർന്ന കണ്ണുകളോടെ ബന്ധുക്കൾ അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടു. ഒരു ഗ്രാമത്തിലെ മൂന്ന് പേരെയും ഒരുശ്മശാനത്തിൽ സംസ്കരിച്ച് നാട് യാത്രാമൊഴി നൽകി. ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രമുഖർ തുടങ്ങി ആയിരക്കണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.