ഇൻഡിഗോയുടെ കണ്ണൂർ– ഡൽഹി പ്രതിദിന സർവീസ് ഡിസംബർ 11 മുതൽ; ടിക്കറ്റി നിരക്ക് ഇങ്ങനെ
Mail This Article
മട്ടന്നൂർ∙ ഇൻഡിഗോയുടെ കണ്ണൂർ–ഡൽഹി പ്രതിദിന സർവീസ് ഡിസംബർ 11 മുതൽ. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 5300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. രാത്രി 10.30ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് വെളുപ്പിന് 1.20ന് കണ്ണൂരിൽ എത്തി തിരിച്ച് രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.25ന് ഡൽഹിയിൽ എത്തുന്ന തരത്തിലാണ് സമയ ക്രമം. 20 മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ– ഡൽഹി നേരിട്ടുള്ള സർവീസ് നടത്തുന്നത്. വിമാനത്താവളത്തിന്റെ തുടക്കത്തിൽ എയർ ഇന്ത്യയാണ് കണ്ണൂർ– ഡൽഹി സെക്ടറിൽ സർവീസ് തുടങ്ങിയത്.
തുടക്കത്തിൽ കോഴിക്കോട് വഴിയായിരുന്നു സർവീസ്. പിന്നീടത് കണ്ണൂർ–ഡൽഹി സെക്ടറിലേക്ക് മാറി. പ്രതിദിന സർവീസ് ആയും ഉയർത്തി. ചില ഘട്ടങ്ങളിൽ ആഴ്ചയിൽ 6 ദിവസമായും 4 ദിവസമായും ചുരുക്കി. എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായുള്ള ലയന നടപടികളുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 13നാണ് കണ്ണൂരിൽ നിന്നുള്ള എല്ലാ സർവീസും എയർ ഇന്ത്യ അവസാനിപ്പിച്ചത്. ഇതോടെ കണ്ണൂർ– ഡൽഹി സർവീസും ഇല്ലാതായി. ഒരു ഘട്ടത്തിൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ പാസഞ്ചർ ട്രാഫിക് കണ്ണൂരിനും ഡൽഹിക്കും ഇടയിലായിരുന്നു.