ആറളം ഫാമിൽ കഴിഞ്ഞ 7 വർഷത്തെ നഷ്ടം 85 കോടിയിലേറെ
Mail This Article
ഇരിട്ടി ∙വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറിയ ആറളം ഫാമിങ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ 7 വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപ. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമിൽ കൃഷി ചെയ്ത എല്ലാത്തരം വിളകളും വന്യ മൃഗങ്ങളുടെ ആക്രമണത്തിനു ഇരയായി. ചില ബ്ലോക്കുകൾ കാർഷിക വിളകൾ ഒന്നു പോലും അവശേഷിക്കാതെ സ്ഥലം തരിശായി മാറി. വീണ്ടും അവിടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ. ഈ കാലയളവിൽ പുതിയ കൃഷികൾ ഇറക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും ഉണ്ട്.
2017 ജൂൺ മുതൽ ഡിസംബർ മാസം വരെ 7,42,1150. 2018 ജനുവരി മുതൽ ഡിസംബർ വരെ 2,95,3000. 2019 ജനുവരി മുതൽ ഡിസംബർ വരെ 15,93,83,950. 2020 ജനുവരി മുതൽ ഡിസംബർ വരെ 18,59,54,050. 2021 ജനുവരി മുതൽ ഡിസംബർ വരെ 19,32,40,275. 2022ജനുവരി മുതൽ ഡിസംബർ വരെ 3,04,77850. 2023 ജനുവരി മുതൽ ഡിസംബർ വരെ 21,52,21,100. 2024 ജനുവരി മുതൽ മേയ് മാസം വരെ 6,33,73,650 രൂപയുടെ നഷ്ടമാണ് കണക്കിയിട്ടുള്ളത്. ആകെ 85,80,25025 രൂപയാണ് കണക്കാക്കിയത്. ഓരോ വർഷവും നശിക്കുന്ന വിളകളുടെയും ലഭിക്കേണ്ട വരുമാനത്തിന്റെയും കണക്ക് മാത്രമാണിത്. ദീർഘകാല വിളകളുടെ നാശം വർഷങ്ങളോളം ലഭിക്കേണ്ട വരുമാനമാണ് ഇല്ലാതാക്കുന്നത്. ഇതു കൂടി കൂട്ടിയാൽ നഷ്ടക്കണക്ക് ഇനിയും കോടികളായി ഉയരും.