നിയമങ്ങൾക്ക് പുല്ലുവില; ടിപ്പർ ലോറികൾ പായുന്നു
Mail This Article
ഇരിക്കൂർ ∙അപകടങ്ങൾ തുടർക്കഥയായിട്ടും നിയമങ്ങൾ കാറ്റിൽ പറത്തി ഓടുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടിയില്ല. ഇരിട്ടി-ഇരിക്കൂർ-ചാലോട്, ഇരിക്കൂർ-ചൂളിയാട്-മയ്യിൽ, ഇരിക്കൂർ-ബ്ലാത്തൂർ, ഇരിക്കൂർ-ശ്രീകണ്ഠപുരം റൂട്ടിലാണ് ഭീതി ഉയർത്തി കരിങ്കൽ ഉൽപന്നങ്ങളുമായി ലോറികൾ ചീറിപ്പായുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഇരിക്കൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് സാരമായി പരുക്കേറ്റിരുന്നു.
രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പർ ലോറികൾക്ക് ഓടാൻ അനുമതിയില്ലെങ്കിലും സംസ്ഥാന പാതയിൽ ഉൾപ്പെടെ മിക്ക റൂട്ടുകളിലും ഈ സമയങ്ങളിലും പോകുന്നുണ്ട്.പൊലീസ് സ്റ്റേഷന് മുന്നിൽ കൂടി പോലും ലോറികൾ ഓടിയിട്ടും നടപടിയുണ്ടാകുന്നില്ല.
മിക്ക ലോറികളും അമിത ഭാരം കയറ്റി മൂടാതെയും അമിത വേഗതയിലുമാണ് പോകുന്നത്. കരിങ്കൽ ഉൽപന്നങ്ങൾ കടത്തുമ്പോൾ സുരക്ഷിതമായി മൂടണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കാതെയാണ് ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള ലോറികളുടെ ഓട്ടം. കയറ്റുന്ന ലോഡിന്റെ ഉയരം വാഹനത്തിന്റെ കാബിനേക്കാൾ കൂടാൻ പാടില്ലെന്നും ഭാരം എല്ലാ ഭാഗത്തും തുല്യമായിരിക്കണമെന്നും മോട്ടർ വാഹന നിയമത്തിൽ നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയോടെയാണ് മലയോര മേഖല വഴി പോകുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ 2 പേരാണ് ഇവിടെ ടിപ്പർ ലോറിയിടിച്ച് മരിച്ചത്. ഡിസംബറിൽ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മലപ്പട്ടം ചൂളിയാട് യുകെജി വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മരിച്ചിരുന്നു. ഫെബ്രുവരിയിൽ സംസ്ഥാന പാതയിൽ ഇരിക്കൂർ ടൗണിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മയും ലോറിയിടിച്ച് മരിച്ചു.