ഇരിട്ടി നിത്യസഹായ മാതാ പള്ളിയിൽ മോഷണം: നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു
Mail This Article
ഇരിട്ടി ∙നിത്യസഹായ മാതാ പള്ളിയിൽ 2 നേർച്ചപ്പെട്ടികളും ഒരു കാരുണ്യനിധി പെട്ടിയും കുത്തിത്തുറന്നു മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. വാതിൽ പൊളിച്ച് പള്ളിക്കകത്തുകടന്ന മോഷ്ടാവ് പെട്ടിയെടുത്തു പുറത്തുകൊണ്ടുപോയി കുത്തിപ്പൊളിച്ച് തുകയെടുത്തശേഷം പള്ളിക്കകത്തു തിരികെ കൊണ്ടു വയ്ക്കുകയായിരുന്നു. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും മുഖംമൂടി ധരിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
പള്ളിയുടെ പുറത്തുനിന്നു തുറക്കാവുന്ന വാതിൽ കുത്തിപ്പൊളിച്ചാണു മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ കപ്യാർ പള്ളി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. എസ്ഐ ഷറഫുദീന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സന്തോഷ്, പ്രകാശൻ, സിപിഒമാരായ സുകേഷ്, റോയി എന്നിവരും കണ്ണൂർ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
പള്ളിയുടെ പുറത്തുനിന്നു തുറക്കാൻ കഴിയുന്ന ഏക വാതിലും നേർച്ചപ്പെട്ടി ഇരിക്കുന്ന സ്ഥലങ്ങളും കൃത്യമായി അറിയുന്ന ആളായിരിക്കാം മോഷണത്തിനു പിന്നിലെന്നു വികാരി ഫാ.ബിജു ക്ലീറ്റസ് പറഞ്ഞു. രണ്ടാഴ്ച മുൻപ് നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ 250000 രൂപ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രതികളെ പിടി കിട്ടിയില്ല. ഇതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് അടുത്ത മോഷണവും നടന്നത്.