കളിക്കളമുയരും, ദേശീയ നിലവാരത്തിൽ; മുണ്ടേരി പഞ്ചായത്തിൽ ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം
Mail This Article
കണ്ണൂർ∙മുണ്ടേരി പഞ്ചായത്തിൽ ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം നിർമിക്കുന്നു. ഗാലറിയും ഫ്ലഡ്‌ലിറ്റ് സംവിധാനവും ഉണ്ടാകും. ഓഫിസ്, ശുചിമുറി ബ്ലോക്ക് എന്നിവയും പണിയും. ഫെൻസിങ് ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ ചുമതല. തലമുണ്ട കുന്നത്തുചാൽ എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് സ്റ്റേഡിയം വരുന്നത്. ‘തലമുണ്ട സ്റ്റേഡിയ’ത്തിനായി 3 ഏക്കർ 83 സെന്റ് സ്ഥലമാണ് അനുവദിച്ചത്.
സ്ഥലം എംഎൽഎ കൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരം 2021ൽ 50 ലക്ഷം രൂപ സംസ്ഥാന ബജറ്റിൽ പാസാക്കിയിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഈ സ്ഥലം എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ സ്ഥലം വിട്ടു തരാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയായ ശേഷം രാമചന്ദ്രൻ കടന്നപ്പള്ളി ഒന്നര കോടി രൂപ കൂടി അനുവദിക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദിവസവും നൂറുകണക്കിന് കുട്ടികൾ കായിക പരിശീലനം നടത്തുന്ന സ്ഥലമാണിത്. സ്റ്റേഡിയം നിലവിൽ വന്നാൽ മുണ്ടേരി പഞ്ചായത്തിലെ വിവിധ സ്പോർട്സ് ക്ലബ്ബുകളുടെ കായിക മത്സരങ്ങൾ നടത്താൻ കഴിയും. പഞ്ചായത്തിലെ മുഴുവൻ സ്കൂളിലെ കുട്ടികൾക്കും കായിക പരിശീലനം നടത്താം.