അപകടഭീഷണിയായി റോഡ്: നിൽപുസമരം നടത്തി നാട്ടുകാർ
Mail This Article
പേരാവൂർ ∙ കോളയാട് – പേരാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലയാട്ടുകരി വായന്നൂർ റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ നിൽപുസമരം നടത്തി. കോളയാട് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിൽവരുന്ന റോഡിന്റെ പണികൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ പാലയാട്ടുകരി മുതൽ വായന്നൂർ വരെ ചെറുവാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത നിലയിലാണ്.
10 മീറ്റർ വീതിയിൽ റോഡ് നിർമിച്ച് മെക്കാഡം ടാറിങ് നടത്താനാണ് പദ്ധതി ആവിഷ്കരിച്ചത്. പള്ളിപ്പാലം മുതൽ വായന്നൂർ വരെ മെക്കാഡം ഒന്നാം ഘട്ടം പണികൾ നടത്തുകയും ചെയ്തു. മഴക്കാലം എത്തിയപ്പോൾ പണികൾ നിർത്തി. പിന്നീട് കല്ല് ഇളകി തെറിക്കുന്ന അവസ്ഥയിലായി. കല്ല് തെറിച്ചുണ്ടാകുന്ന അപകടങ്ങളും ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്ന സംഭവങ്ങളും പതിവായതോടെയാണ് നാട്ടുകാർ സമരം നടത്തിയത്. ഉടൻ പണികൾ തീർക്കാത്ത പക്ഷം ഉപരോധ സമരം തുടങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ഇപ്പോൾ.