ADVERTISEMENT

കണ്ണൂർ ∙തളിപ്പറമ്പിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) മൂലം  സഹോദരങ്ങൾ മരിച്ച സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നുവെന്ന് ഡിഎംഒ ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു. മേഖലയിലെ ശുദ്ധജലം വിദഗ്ധ പരിശോധനയ്ക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ്  പരിശോധന നടത്തും.

മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യ വകുപ്പ് തെളിച്ചം (ദി എജ്യുക്കേഷൻ ആൻഡ് ലൈഫ് സ്‌റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്‌മെന്റ്) പദ്ധതി നടപ്പാക്കും. ജില്ലാ മാസ്സ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുക. യോഗത്തിൽ ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.കെ.സി.സച്ചിൻ അധ്യക്ഷനായി. 

∙ ഈ വർഷം മേയ് മാസത്തിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്കു പടരുകയും ചെയ്തു. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അൻപതോളം പേർക്കു കിടത്തി ചികിത്സ വേണ്ടിവന്നു. ആകെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗം പടർന്നുപിടിക്കാനിടയാക്കിയ കിണർ ഉപയോഗിക്കുന്നതു തടഞ്ഞിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധിതരിൽ കൂടുതൽ പേർ 15 വയസ്സിനും 40 വയസ്സിനും ഇടയിലാണ്.  ബന്ധുവിന്റെ വീടു കാണൽ ചടങ്ങിൽ പങ്കെടുത്തതു വഴിയാണ് രോഗം മൂലം മരിച്ച വ്യക്തിക്കു രോഗബാധയുണ്ടായതെന്നാണു നിഗമനം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡിഎംഒ നിർദേശിച്ചിട്ടുണ്ട്. 

മറ്റു നടപടികൾ: 
∙ ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിക്കും.
∙ ഭക്ഷ്യ ജലജന്യ രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ നേതൃത്വത്തിൽ‍ നടപടികൾ സ്വീകരിക്കും.
∙ ഓരോ ആരോഗ്യ സ്ഥാപനങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളിലെ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ പദ്ധതി തയാറാക്കും.
∙ പ്രദേശത്തെ കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസ്സുകൾ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
∙ തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്ന ജല സ്രോതസ്സുകൾ നശിപ്പിക്കും.

English Summary:

The article reports on the deaths of two siblings in Kannur, Kerala due to Hepatitis A, raising concerns about a possible outbreak. The District Medical Officer (DMO) highlights the severity of the situation and outlines immediate actions being taken by the Health Department to contain the spread of the disease, including water quality testing, awareness campaigns, and the implementation of the "Thellicham" program.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com