വ്യാപാരസമുച്ചയത്തിൽ മാലിന്യം; കാൽലക്ഷം രൂപ പിഴ ചുമത്തി
Mail This Article
കണ്ണൂർ ∙ തളാപ്പിലെ വ്യാപാരസമുച്ചയത്തിൽ മാലിന്യം കൂട്ടിയിട്ടത് തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. കണ്ണൂർ എകെജി ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിനു സമീപത്തെ ഐബി കോംപ്ലക്സിലാണ് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടത് കണ്ടെത്തിയത്. കോംപ്ലക്സിലെ തിരുവാതിര ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് ഇതിലേറെയുമെന്ന് സ്ക്വാഡ് അറിയിച്ചു. ചാക്കിൽ കെട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ക്ലബ്, നീതി മെഡിക്കൽ സ്റ്റോർ, സംഗീത കലാക്ഷേത്ര എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഐബി കോംപ്ലക്സ് ഉടമയ്ക്കും മാലിന്യം തള്ളിയ നാല് സ്ഥാപനങ്ങൾക്കും 5000 രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കോർപറേഷന് സ്ക്വാഡ് നിർദേശം നൽകി. ടീം ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ.അജയകുമാർ, ഷരീകുൽ അൻസാർ, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്ക, സജയൻ എന്നിവർ പങ്കെടുത്തു.