പണിതീർത്തിട്ട് 15 വർഷം ആർക്കും വേണ്ടാതെ പെരുന്തിലേരി കുളം
Mail This Article
ശ്രീകണ്ഠപുരം∙ ഈ കുളം കുഴിച്ചിട്ട് 15 വർഷമായി. ഇതുവരെ ഒരാൾക്കും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ചെങ്ങളായി പഞ്ചായത്തിലെ പെരുന്തിലേരി എരിഞ്ഞോട് ഭാഗത്താണ് കുളം. സർക്കാർ ഫണ്ട് കൊണ്ട് 15 വർഷം മുൻപായിരുന്നു ഇവിടെ കുളം കുഴിച്ചത്. കുളം കുഴിക്കുന്നതും ചുറ്റും കെട്ടുകയും ചെയ്യുന്നത് കണ്ടപ്പോൾ നാട്ടുകാർ വലിയ പ്രതീക്ഷയിലായിരുന്നു. ഒരുപാട് പേർ ഇതിന് ചുറ്റും താമസിക്കുന്നുണ്ട്. 15 വർഷത്തിലേറെയായി ആരും ഇറങ്ങാതെ കിടന്നിട്ടും കുളം നശിച്ചു പോയിട്ടില്ല.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് കൊണ്ടാണ് കുഴിച്ചത്. ചെങ്ങളായി പഞ്ചായത്ത് 14ാം വാർഡിലാണ് ഇത്. പരിസരവാസിയായ ചേരേൻ കണ്ണൻ സൗജന്യമായി നൽകിയതാണ് സ്ഥലം. അന്ന് ഇവിടെ വൈദ്യുതി എത്തിയിരുന്നില്ല. കുളം കുഴിച്ചാൽ ജലസേചന ആവശ്യത്തിന് മോട്ടർ സ്ഥാപിക്കാൻ വൈദ്യുതി കിട്ടും എന്നായിരുന്നു വാഗ്ദാനം. ജലസേചന ആവശ്യത്തിന് ഉപയോഗിക്കത്തക്ക നിലയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്.
കുളം കുഴിച്ച് കുറച്ചു കാലത്തിനുള്ളിൽ സാധാരണ നിലയിൽ തന്നെ ഇവിടെ വൈദ്യുതി എത്തിയതോടെ കുളത്തെ കുറിച്ച് ചിന്തയില്ലാതെയായി. കുറേക്കാലത്തിനു ശേഷം പരിസരവാസിയായ തപാൽവകുപ്പ് ജീവനക്കാരൻ ഇ.ഗോപാലൻ ഇവിടെ മത്സ്യം വളർത്താം എന്ന പ്രതീക്ഷയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വളർന്നപ്പോൾ എല്ലാറ്റിനേയും പക്ഷി കൊത്തിക്കൊണ്ടു പോയി.