കാട്ടാന...കാട്ടുപന്നി... കൃഷിയിറക്കാനാവാതെ കർഷകർ
Mail This Article
ഇരിട്ടി ∙ വൈദ്യുതി തൂക്കുവേലി നിർമാണം ഇന്ന് ഉദ്ഘാടനം നടത്താനിരിക്കെ കച്ചേരിക്കടവ്, മുടിക്കയം, പാറയ്ക്കാമല പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം വരുത്തി.ഇല്ലിക്കക്കുന്നേൽ ജോഷി, ഇല്ലിക്കക്കുന്നേൽ സിനു, വട്ടക്കുന്നേൽ പാപ്പച്ചൻ, എടശ്ശേരി ആന്റണി, എടശ്ശേരി ജോസഫ്, പ്ലാത്തോട്ടം ഫ്രാൻസിസ് എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തി. വാഴ, തെങ്ങ്, കമുക്, കുരുമുളക്, കശുമാവ്, കൊക്കോ തുടങ്ങിയവ തകർത്തു.മുൻപും കാട്ടാന ഇറങ്ങി നാശം വരുത്തിയ കൃഷിയിടങ്ങളിൽ തന്നെയാണ് വീണ്ടും എത്തിയത്. ഇന്നലെ പകലും കച്ചേരിക്കടവ് മേഖലയിൽ കാട്ടാന എത്തി. കച്ചേരിക്കടവ് മുതൽ പാലത്തിൻകടവ് വരെയുള്ള ഗ്രാമങ്ങളിൽ കാട്ടാന ശല്യം സ്ഥിരമായതോടെ ഒരു മാസം മുൻപ് അയ്യൻകുന്ന് പഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും ചേർന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു പ്രതിഷേധിച്ചിരുന്നു. ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി വൈദ്യുതി വേലി നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു.
കർണാടകയുടെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നു ബാരാപോൾ പുഴ മുറിച്ചു കടന്നു എത്തുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി വളവുപാറ മുതൽ പാലത്തിൻകടവ് വരെ 2 റീച്ചുകളിലായി 52 ലക്ഷം രൂപ ചെലവിൽ വൈദ്യുതി വേലിയുടെ നിർമാണമാണ് ഇന്ന് 10 ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും.ഇതിനു പുറമേ കേരള വനഭൂമിക്കു അതിരിടുന്ന കരി മുതൽ പുല്ലൻപാറത്തട്ട് വരെയുള്ള ഭാഗവും വൈദ്യുതി വേലി പൂർത്തിയാക്കാതെ കാട്ടാന ശല്യം പ്രതിരോധിക്കാൻ സാധിക്കില്ലെന്നു പഞ്ചായത്ത് വാർഡ് അംഗങ്ങളായ ഐസക് ജോസഫ്, ബിജോയി പ്ലാത്തോട്ടം എന്നിവർ ചൂണ്ടിക്കാട്ടി.കരി – മുടിക്കയം, മുടിക്കയം പാറയ്ക്കാമല എന്നിങ്ങനെ 2 റീച്ചുകളിലായി 4 കിലോമീറ്റർ ദൂരം 48 ലക്ഷം രൂപയും പുല്ലൻപാറത്തട്ട് – കരി 1.5 കിലോമീറ്റർ ദൂരം 12 ലക്ഷം രൂപയും ചെലവിൽ സോളർ തൂക്കുവേലി നിർമിക്കേണ്ട പദ്ധതികൾ കെൽ ടെൻഡർ എടുത്തെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. ഈ പണികൾ കൂടി കൂടി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികക്കൊപ്പം തന്നെ പൂർത്തിയാക്കാൻ നടപടി വേണമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം.
എടൂരിലും തില്ലങ്കേരിയിലും കാട്ടുപന്നിക്കൂട്ടം
എടൂരിലെ കുടിലിൽ ജോസിന്റെ ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ എന്നിവ കാട്ടുപന്നിക്കൂട്ടം കുത്തി നശിപ്പിച്ചു. 50 ചുവട് ചേമ്പും 100 ചുവട് മരച്ചീനിയും പൂർണമായും നശിച്ചു. കടൽ വല ഉപയോഗിച്ചു കെട്ടിയ ചുറ്റുവേലി തകർത്താണ് കാട്ടുപന്നിക്കൂട്ടം വിളകൾ നശിപ്പിച്ചത്. സമീപത്തെ നിരവധി കർഷകർക്കും കൃഷി നാശം ഉണ്ടായിട്ടുണ്ട്. പന്നിയെ കൊല്ലാൻ ആറളം പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. തില്ലങ്കേരിയിൽ മലയാള മനോരമ ഏജന്റ് ടി.സരുൺകുമാറിന്റെ കൃഷിയിടത്തിലെ ചേമ്പ് കൃഷി പൂർണമായും നശിപ്പിച്ചു. സമീപത്തെ ശശിയും 400 ചുവട് ചേമ്പും പിഴുതെടുത്ത് കിഴങ്ങുകൾ ഭക്ഷിച്ച നിലയിലാണ്. മേഖലയിൽ എല്ലാ ഗ്രാമങ്ങളിലും തന്നെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. മരച്ചീനി, ചേമ്പ് തുടങ്ങിയ ഹ്രസ്വകാല വിളകൾ ഒന്നും നടത്താനാകാത്ത
സ്ഥിതിയാണ്.