ആക്രിസാധനങ്ങൾ മോഷണം പോയതായി പരാതി
Mail This Article
ചെറുപുഴ ∙ മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സെന്ററിൽ നിന്ന് ആക്രിസാധനങ്ങൾ മോഷണം പോയതായി പരാതി. ഭൂദാനത്ത് പ്രവർത്തിക്കുന്ന ചെറുപുഴ പഞ്ചായത്ത് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ നിന്നാണ് ആക്രിസാധനങ്ങൾ മോഷണം പോയത്.കഴിഞ്ഞ 31 വരെ ഇവിടെ ഹരിത കർമ സേനാംഗങ്ങൾ ജോലി ചെയ്തിരുന്നു. ഇതിനുശേഷം ഇന്നലെ രാവിലെ ഹരിതകർമ സേനാംഗങ്ങൾ സെന്ററിൽ ജോലിക്ക് എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ഇരുമ്പുസാധനങ്ങളും മൊബൈൽ ഷോപ്പുകളിൽ നിന്നു ശേഖരിച്ച ആക്രി സാധനങ്ങളുമാണു മോഷണം പോയത്. മൊബൈൽ ഷോപ്പുകളിൽ നിന്നു ശേഖരിച്ചു കൊണ്ടുവന്ന ആക്രി സാധനങ്ങൾ നിറച്ച ചാക്കുകൾ പൊട്ടിച്ചു സെന്ററിനുള്ളിൽ വാരിവലിച്ചു നിരത്തിയ നിലയിലാണ്. ഷോപ്പുകളിൽ നിന്നുപേക്ഷിക്കുന്ന പഴയ ഫോണുകൾക്കും അനുബന്ധ സാമഗ്രികൾക്കും വേണ്ടിയാണു മോഷ്ടാക്കൾ സെന്ററിനുള്ളിൽ കയറിയതെന്നു കരുതുന്നു. ഉപേക്ഷിക്കപ്പെട്ട പഴയ മൊബൈൽ ഫോൺ 500 രൂപ നൽകി വാങ്ങുന്ന സംഘം മലയോരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. ഇവർക്ക് നൽകാൻ വേണ്ടിയാണു മോഷ്ടാക്കൾ മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ കയറിയതെന്നു കരുതുന്നു. നേരത്തെയും ഇവിടെ നിന്ന് ഇത്തരം സാധനങ്ങൾ മോഷണം പോയതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് അധികൃതർ ചെറുപുഴ പൊലീസിൽ പരാതി നൽകി.