ബസ് യാത്ര ഹൈക്കോടതി വിധിയിൽ പ്രതീക്ഷ ദീർഘദൂരം കുതിക്കാം, കുറഞ്ഞ ചെലവിൽ
Mail This Article
ഇരിട്ടി∙ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിൽ കൂടിയ ദൂരത്തിൽ പെർമിറ്റ് അനുവദിക്കാമെന്ന ഹൈക്കോടതി വിധിയോടെ സാധ്യത തെളിയുന്നതു കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള ദീർഘദൂര ബസ് യാത്ര. ജില്ലയുടെ മലയോരമേഖലയിൽനിന്നു കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് കോടതിവിധി ഗുണമാകും.
സ്വകാര്യ ബസുകൾക്ക് വീണ്ടും പെർമിറ്റ് ലഭിക്കുന്നതോടെ 800–1200 നിരക്കിൽ നിന്നു 500–700 രൂപ നിരക്കിലേക്ക് ടിക്കറ്റ് നിരക്കു താഴുമെന്നും സാധാരണക്കാർക്ക് ഏറെ ആശ്വാസം ലഭിക്കുമെന്നും ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജയൻ പായം പറഞ്ഞു.
ഉദയഗിരി, ചെറുപുഴ, വെള്ളരിക്കുണ്ട്, പാണത്തൂർ, ഭാഗങ്ങളിൽനിന്ന് 40 ബസുകളാണ് കോട്ടയം, എറണാകുളം, പത്തനംതിട്ട, അടൂർ, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് നേരത്തേ സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ പത്തിൽ താഴെ ബസുകളിണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. അതേസമയം, 10 കെഎസ്ആർടിസി ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇരിട്ടിയിൽനിന്നുമാത്രം നേരത്തേ കോട്ടയം, പാലാ, കട്ടപ്പന, നെടുങ്കണ്ടം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലേക്ക് 5 സ്വകാര്യ ബസുകളുണ്ടായിരുന്നു.
ആലക്കോട്ടുനിന്ന് 3 ബസുകൾ ഹൈക്കോടതി വിധി സമ്പാദിച്ച് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. എറണാകുളം–പാലാ–മുണ്ടക്കയം റൂട്ടിൽ ഓടുന്ന ഷാജി മോട്ടോഴ്സ്, തൃശൂർ–പാലാ–മുണ്ടക്കയം റൂട്ടിൽ ഓടുന്ന ആൻമരിയ, എറണാകുളം–പാലാ–കോട്ടയം റൂട്ടിലോടുന്ന ജേക്കബ്സ് എന്നിവയാണ് ഇവ.ദീർഘദൂര സർവീസിന് പെർമിറ്റ് ലഭിക്കാതായതോടെ ബസുകളിൽ ചിലത് പ്രൈവറ്റ് കോൺട്രാക്ട് കാര്യേജുകളായി സർവീസ് നടത്തുന്നുണ്ട്. കൊച്ചി, കോട്ടയം റൂട്ടുകളിൽ ഇപ്പോഴുള്ള പ്രൈവറ്റ് കോൺട്രാക്ട് ബസുകൾ ഓടുന്നതാകട്ടെ ഉയർന്ന ടിക്കറ്റ് നിരക്കിലും.
തിരികെയെത്തുമോ ബസുകൾ?
ദീർഘദൂര സർവീസ് പുനരാരംഭിക്കുന്നത് ഇനി ലാഭകരമായിരിക്കുമോ എന്ന ചിന്ത ബസ് ഉടമകൾക്കുണ്ട്. ദിനംപ്രതി 200 ലീറ്റർ ഇന്ധനം വേണ്ടിവരും. ഇതിന് ആനുപാതികമായി കലക്‌ഷൻ ലഭിക്കുമോ എന്നാണ് ആശങ്ക. അതിനാൽതന്നെ, ദീർഘദൂര റൂട്ടുകളിൽ സർവീസ് നിർത്തിയ ബസുകളിൽ എത്രയെണ്ണം തിരികെയെത്തുമെന്ന് കണ്ടറിയണം.സ്വകാര്യബസുകൾ തമ്മിലുള്ള മത്സരം യാത്രാസൗകര്യം ഒന്നിനൊന്ന് മെച്ചപ്പെടുത്താൻ ഉടമകളെ പ്രേരിപ്പിക്കും.
ഇരിട്ടി, അമ്പായത്തോട്, പയ്യാവൂർ, കുടിയാന്മല, ആലക്കോട്, ചിറ്റാരിക്കാൽ- മുണ്ടക്കയം റൂട്ടിൽ ഓടിയ ഹോളിഫാമിലി, വെള്ളരിക്കുണ്ട്– കോട്ടയം റൂട്ടിൽ ഓടിയ ജേക്കബ്സ്, പാണത്തൂർ - പാലാ - മുണ്ടക്കയം റൂട്ടിൽ ഓടിയ ആൻമരിയ, ചെറുപുഴ - കോഴിക്കോട് റൂട്ടിൽ കൃതിക, രാജഗിരി -കോഴിക്കോട് റൂട്ടിൽ ഓടിയ ജാനവി തുടങ്ങിയ ബസുകയെല്ലാം 140 കിലോമീറ്ററിലധികം ഓടിയിരുന്ന ബസുകളാണ്.ഇതിൽ ചെറുപുഴ - കോഴിക്കോട് റൂട്ടിൽ ഓടിയ കൃതിക ബസ് ഇപ്പോൾ ആലക്കോട് നിന്നാണു കോഴിക്കോട്ടേക്കു പോകുന്നത്. ബാക്കി ബസുകൾ സർവീസ് നിർത്തി.