ADVERTISEMENT

വെള്ളോറ ∙ പുലിഭീതി നിലനിൽക്കുന്ന വെള്ളോറയിൽ പുലിയെന്നു കരുതുന്ന അജ്ഞാതജീവി കൂട്ടിൽക്കയറി ആട്ടിൻകുട്ടിയെ കടിച്ചുകൊന്നു. മറ്റൊരു ആടിനെ പരുക്കേൽപിച്ചു. 2 ദിവസം മുൻപു സമീപത്തെ കക്കറ കരിമണലിൽ വളർത്തുനായയെ കടിച്ചുകൊന്നിരുന്നു. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ പുലിയാണെന്നാണു സൂചന. 

വെള്ളോറ അറക്കാൽപാറ നീലിയാർ ഭഗവതിക്ഷേത്രത്തിനു സമീപത്തെ പന്തമാക്കൽ രവീന്ദ്രന്റെ വീട്ടിലെ ആടിനെയാണു കടിച്ചുകൊന്നത്. പുലർച്ചെ 2.30ന് ആണ് സംഭവം. ആടിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണു രക്തം വാർന്നനിലയിൽ ചത്തുകിടക്കുന്നതു കണ്ടത്. വീട്ടുകാർ ശബ്ദമുണ്ടാക്കി കൂടിനു സമീപം എത്തിയപ്പോഴേക്കും അജ്ഞാതജീവി കടന്നുകളഞ്ഞു. പരിസരവാസികളെത്തി പരിശോധിച്ചെങ്കിലും ജീവിയെ കണ്ടെത്താനായില്ല. 

പരുക്കേറ്റ ആട്ടിൻകുട്ടി
പരുക്കേറ്റ ആട്ടിൻകുട്ടി

പരിശോധന നടത്തിയ വനംവകുപ്പ് പുലിയാണെന്നു സൂചന നൽകി. പെരിങ്ങോം പൊലീസും സ്ഥലത്തെത്തി. 5 ആടുകളാണു കൂട്ടിലുണ്ടായിരുന്നത്. ചത്ത ആടിന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ ആടിനും കഴുത്തിലാണു കടിയേറ്റത്. ആടുകളെ കടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും കെട്ടിയിട്ടിരുന്നതിനാൽ കഴിഞ്ഞില്ല. 

കൂടിനു വാതിലുണ്ടായിരുന്നില്ല. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ സമീപം കണ്ടതായി പറയുന്നു.രണ്ടാഴ്ചയോളമായി വെള്ളോറയിലും പരിസരങ്ങളിലും പുലിയുടേതെന്നു കരുതുന്ന അജ്ഞാതജീവിയുടെ സാന്നിധ്യം നിലനിൽക്കുന്നുണ്ട്.ആടിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. പരുക്കേറ്റ ആടിനു ചികിത്സ നൽകി. 

രണ്ടാഴ്ചയായി ഭീഷണി; ഇന്ന് ഡ്രോൺ പരിശോധനഎരമം കുറ്റൂരിലെ അനിക്കം, കാര്യപ്പള്ളി, കായപ്പൊയിൽ ചെമ്പുല്ലാഞ്ഞി ഭാഗങ്ങളിൽ രണ്ടാഴ്ച മുൻപാണു അജ്ഞാതജീവിയെ നാട്ടുകാർ കണ്ടത്. വെള്ളോറ പൊതുശ്മശാനത്തിന്റെ സമീപത്തേക്ക് ജീവി പോകുന്നതാണ് ആദ്യം കണ്ടത്. ഇവിടെ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ അ‍ജ്‍ഞാതജീവിയെ കാണ്ടു.

അനിക്കത്ത് വളർത്തുനായ്ക്കളെ കടിച്ചുകൊന്നനിലയിലും കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. കൂട് സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഇന്നു രാവിലെ മുതൽ ആർആർടി സംഘം ഡ്രോൺ ക്യാമറ വച്ച് പരിശോധന നടത്തും.

സംഭവ സ്ഥലത്ത് ക്യാമറ സ്ഥാപിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യും. അടുത്ത ദിവസങ്ങളിൽ തന്നെ ആർആർടി ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തും. പരിശോധനയ്ക്ക് ഡ്രോൺ ഉപയോഗപ്പെടുത്തും. സംഭവത്തെക്കുറിച്ച് ഡിഎഫ്ഒയ്ക്ക് വിശദമായ റിപ്പോർട്ട് നൽകും. സ്ഥലത്തു പുലിയെ പിടികൂടാനുള്ള കൂടു സ്ഥാപിക്കും.

പുലർച്ചെ 2.30ന് കൂട്ടിൽ ആടുകളുടെ കരച്ചിൽ കേട്ടു. പുലി ഭീഷണിയുള്ളതിനാൽ പെട്ടെന്നു വെളിച്ചം ഇട്ട് ശബ്ദം ഉണ്ടാക്കി പുറത്തിറങ്ങി നോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ ചത്തു കിടക്കുന്ന ആടിനെയാണു കണ്ടത്. ആടിനെ ആക്രമിച്ചത് എന്ത് ജീവിയാണെന്നു കാണാൻ കഴിഞ്ഞില്ല. 

ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. അടിയന്തര നടപടി സ്വീകരിക്കണം.

പുലിപ്പേടി മൂലം ടാപ്പിങ് തൊഴിലാളികളും കർഷകത്തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. കുട്ടികളെ സ്കൂളിൽ വിടാനും ഭയപ്പെടുന്നു. 

നാട്ടുകാർ ആശങ്കയിലാണ്. സ്ത്രീകളും കുട്ടികളും കൂടുതൽ ഭയപ്പാടിലാണ്. ടാപ്പിങ് തൊഴിലാളികളുടെ ഉപജീവനമാർഗവും ഇല്ലാതാകുന്ന അവസ്ഥയാണ്.

നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ടഗോർ ഹയർ സെക്കൻഡറി സ്കൂൾ, എയുപി സ്കൂൾ പരിസരങ്ങളിലാണ് പുലി ഭീതി നിലനിൽക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നു. പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണം.

English Summary:

Residents of Vellora are on edge after a suspected leopard killed a lamb and injured a goat. This latest incident follows a similar attack on a pet dog just days ago, heightening concerns about increasing wildlife conflict in the area. The Forest Department is investigating the matter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com