ADVERTISEMENT

എടക്കാട്∙ ട്രെയിൻ കടന്നുപോയ ശേഷവും റെയിൽവേ ഗേറ്റ് തുറക്കാതായതോടെ കാരണമന്വേഷിച്ചെത്തിയ വാഹനയാത്രക്കാരും നാട്ടുകാരും കണ്ടത് ഗേറ്റിനു സമീപത്തെ കാബിനിൽ മദ്യലഹരിയിൽ കിടക്കുന്ന ഗേറ്റ്മാനെ. നാട്ടുകാർ ഇയാളെ ഉണർത്താൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മാവേലി എക്സ്പ്രസ് സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് ഗേറ്റിന് സമീപം നിർത്തിയിട്ടു.

നടാൽ റെയിൽവേ ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രി 8.30ന് യാത്രക്കാരെ റോഡിൽ കുടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. നടാൽ റെയിൽവേ ഗേറ്റിൽ നിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് താഴെചൊവ്വ, താഴെചൊവ്വ– സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളം ബസാർ, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയിൽവേ ഗേറ്റുകളും ഏറെസമയം അടഞ്ഞു കിടന്നു. ഇതോടെ ഈ സ്ഥലങ്ങളിലും വാഹനയാത്രക്കാർ കുരുക്കിലായി.

കോയമ്പത്തൂർ – കണ്ണൂർ പാസഞ്ചറിന് കടന്നുപോകാനാണ് രാത്രി 8.30ന് നടാൽ റെയിൽവേ ഗേറ്റ് അടച്ചത്. പാസഞ്ചർ കടന്നുപോയി 10 മിനിറ്റ് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കായതോടെയാണു യാത്രക്കാർ ക്യാബിനിലെത്തിയത്. തുടർന്ന് എടക്കാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എടക്കാട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. പിന്നീടാണു മാവേലി എക്സ്പ്രസിന് സിഗ്നൽ നൽകിയത്.

വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാൽ റെയിൽവേ ഗേറ്റുകൾ തുറന്നശേഷവും ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. നടാൽ റെയിൽവേ ഗേറ്റിൽ‌ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ജീവനക്കാരനെ എടക്കാട് പൊലീസ് റെയിൽവേ പൊലീസിന് കൈമാറി.

English Summary:

An intoxicated gatekeeper at Nadal Railway Gate in Edakkad, Kerala, triggered a major traffic jam after he failed to open the gate following a train's passage. The incident also led to the Maaveli Express being stopped unexpectedly, impacting other railway crossings and highlighting concerns about railway safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com