നടുക്കം മാറാതെ റാഷിദ്; ഇന്നലെയും പതിഞ്ഞില്ല പുലിയുടെ ദൃശ്യം
Mail This Article
വെള്ളോറ ∙ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച വെള്ളോറയിലും കടവനാട്ടും സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞില്ല. വെള്ളോറ പൊതുശ്മശാനത്തിന്റെ പരിസരം, കടവനാട് പ്ലാന്റേഷൻ ഭാഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. പുലി സാന്നിധ്യമുള്ളതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ദിവസവും പരിശോധന നടത്തുന്നുണ്ട്.
വെള്ളോറ, അനിക്കം, കരിമണൽ, കക്കറ പ്രദേശങ്ങളിൽ ക്യാംപ് ചെയ്ത് പരിശോധന നടത്തി. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്ന നടപടി അധികൃതർ സ്വീകരിച്ചതായി പഞ്ചായത്ത് അംഗം എം. രാധാകൃഷ്ണൻ പറഞ്ഞു. പുലിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുമ്പോഴും കഴിഞ്ഞ ദിവസം രാത്രി അനിക്കത്ത് താന്നിമൂട്ടിൽ സജിയുടെ വീടിന് സമീപം പുലിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.
പെരുവാമ്പയിൽ കച്ചവടം നടത്തുന്ന തെന്നം സ്വദേശി റാഷിദാണ് രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് നടുറോഡിൽ തൊട്ട് മുൻപിൽ പുലിയെ കണ്ടത്. ഭയന്ന് വിറച്ച റാഷിദ് നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല. വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ ദൃശ്യം പതിഞ്ഞിട്ടില്ലാത്തതിനാൽ ക്യാമറകളുടെ സ്ഥാനം മാറ്റിസ്ഥാപിച്ചു .
നടപടി സ്വീകരിക്കണം
വെള്ളോറ പരിസരങ്ങളിലെ പുലി ഭീതി അകറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേവീവിലാസം എൻഎസ്എസ് കരയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ.അജിത്ത്കുമാർ അധ്യക്ഷനായി. സെക്രട്ടറി എൻ.ആർ.സുരേഷ്, കെ.എസ്.വിനോദ്, പി.ബി.രാകേഷ്, പി.ജി.ലിജിത്ത് എന്നിവർ പ്രസംഗിച്ചു.
നടുക്കം മാറാതെ റാഷിദ്
വെള്ളോറ ∙ പുലിയെ കണ്ട് നടുക്കം വിട്ടുമാറാതെ വ്യാപാരി റാഷിദ്. പെരുവാമ്പയിൽ കച്ചവടം നടത്തുന്ന റാഷിദ് കടയടച്ച് രാത്രിയിൽ തെന്നത്തെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് അനിക്കത്ത് നടുറോഡിൽ പുലിയെ കണ്ടത്. ഭയന്നുപോയ റാഷിദ് സ്കൂട്ടർ അരികിൽ ഒതുക്കി സമീപത്തെ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും അവിടെ ആളുണ്ടായിരുന്നില്ല.
പിന്നീട് തൊട്ടപ്പുറത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും വിവരം പറയുമ്പോഴും ഭയന്ന് വിറച്ച റാഷിദിന് വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. താൻ കണ്ടത് പുലിയാണെന്ന് റാഷിദ് തറപ്പിച്ചു പറയുന്നു.