കടലോളം മനസ്സുറപ്പ്; നീന്തിക്കയറി ഷാജി
Mail This Article
കണ്ണൂർ∙ ആഴക്കടൽ നീന്തിക്കടന്ന് ഭിന്നശേഷിക്കാരനായ യുവാവ്. റവന്യു ജീവനക്കാരൻ പി.ഷാജിയാണ് മുഴുപ്പിലങ്ങാട് കടലിൽ 3 കിലോമീറ്ററോളം നീന്തിയത്. ഷാജിയോടൊപ്പം അത്‌ലീറ്റ് മറിയ ജോസും സംഘവും നീന്തി. മുഴുപ്പിലങ്ങാട് തെറിമ്മൽ ഭാഗത്തെ കടലിൽ നിന്ന് ആരംഭിച്ച് 3 കിലോമീറ്റർ നീന്തി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് നീന്തൽ അവസാനിച്ചത്. ആഴക്കടൽ നീന്തലും ഷാജി വിജയകരമായി പൂർത്തീകരിച്ചു.
കായിക മത്സരങ്ങളിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ കാര്യങ്ങൾ ആഹ്വാനം ചെയ്ത് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, റവന്യു വിഭാഗം, ആസ്റ്റർ വൊളന്റിയേഴ്സ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബീച്ചിലെ പ്രഭാത സവാരി പരിപാടി കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസും വൈകിട്ട് നടന്ന നീന്തൽ പരിപാടി അസിസ്റ്റന്റ് കലക്ടർ സായി കൃഷ്ണയും ഉദ്ഘാടനം ചെയ്തു.