ജപ്പാൻ പദ്ധതിയുടെ പൈപ്പ് പൊട്ടി; കോട്ടൂരിൽ പ്രളയം !
Mail This Article
ശ്രീകണ്ഠപുരം∙ പെരുവളത്തുപറമ്പ് ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നു കൂനത്തെ ടാങ്കിലേക്കു വെള്ളം കൊണ്ടുപോകുന്ന ജപ്പാൻ പദ്ധതിയുടെ വലിയ പൈപ്പ് പൊട്ടി പ്രദേശം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 7.30ന് ആണ് ശ്രീകണ്ഠപുരം നഗരസഭയുടെയും മലപ്പട്ടം പഞ്ചായത്തിന്റെയും അതിർത്തിയായ കോട്ടൂർ പഞ്ചാംമൂലയിൽ പൈപ്പ് പൊട്ടിയത്. 1.2 മീറ്റർ വ്യാസമുള്ള കൂറ്റൻ പൈപ്പാണ് പൊട്ടിയത്. ഉയരമുള്ള ഭാഗത്താണ് പൊട്ടലുണ്ടായത്. വെള്ളം ചീറ്റിയൊഴുകാൻ തുടങ്ങിയതോടെ പരിസരം മുഴുവൻ മുങ്ങി.
ഉരുൾപൊട്ടിയതു പോലെ ശ്രീകണ്ഠപുരം– മലപ്പട്ടം – പുതിയതെരു റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു. വാഹനങ്ങൾ ഓട്ടം നിർത്തി. ഇരിക്കൂർ ജലഅതോറിറ്റി ഓഫിസിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കുറെ സമയം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.16 പഞ്ചായത്തുകൾ, 4 നഗരസഭകൾ, കണ്ണൂർ കോർപറേഷന്റെ ഒരുഭാഗം എന്നിവിടങ്ങളിലേക്കു വെള്ളം വിതരണം ചെയ്യുന്നത് കൂനത്തെ ടാങ്കിൽ നിന്നാണ്. പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞയുടൻ പമ്പിങ് നിർത്തിവച്ചു. ഈ പ്രദേശങ്ങളിലെല്ലാം ജലവിതരണം മുടങ്ങി.
സാങ്കേതിക വിഭാഗം ജീവനക്കാരുടെ നിർണായകമായ ഇടപെടലിലൂടെ 1 മണിക്കൂർ കൊണ്ട് വെള്ളം ചീറ്റുന്നത് കുറച്ചുകൊണ്ടുവന്നെങ്കിലും ഉച്ചക്ക് 2.30നായിരുന്നു പമ്പിങ് പുനരാരംഭിച്ചത്. ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്, അസിസ്റ്റന്റ് എൻജിനീയർ ഗോകുൽ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ഹെഡ് ഓപ്പറേറ്റർ സുരേഷിന്റെ നേതൃത്വത്തിൽ 6 അംഗ സംഘം ഉച്ചവരെ കഠിനാധ്വാനം ചെയ്താണ് പൊട്ടിയ ഭാഗം ശരിയാക്കിയത്. എയർ വാൽവിൽ തകരാർ സംഭവിച്ചതാണ് വെള്ളം ചീറ്റാൻ കാരണമായതെന്ന് വാട്ടർ അതോറിറ്റി എൻജിനീയർമാർ അറിയിച്ചു.
കുയിലൂരിലെ പഴശ്ശി പദ്ധതിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പെരുവളത്തുപറമ്പിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചതിനു ശേഷമാണ് ഇതു വഴി കൂനം ടാങ്കിൽ വെള്ളം എത്തിക്കുന്നത്. കൂനത്തെ ടാങ്കിൽ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി.ഫിലോമിന, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.