ആക്രമിച്ച് കാറും പണവും തട്ടിയെടുത്തെന്ന് പരാതി; 4 പേർ അറസ്റ്റിൽ
Mail This Article
വളപട്ടണം∙ വിൽപനയ്ക്കു വച്ച സ്ഥലം കാണിച്ച് തരാമെന്ന വ്യാജേന ഇരിക്കൂർ സ്വദേശിയെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സംഘം ചേർന്ന് ആക്രമിക്കുകയും കാറും പണവും കവർച്ച ചെയ്തതായും പരാതി. വളപട്ടണം പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികൾ മണിക്കൂറുകൾക്കകം മോഷണ മുതൽ സഹിതം പിടിയിലായി. ചിറക്കൽ ബാലൻ കിണറിനു സമീപം കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് സംഭവം. ഇരിക്കൂർ ചേടിച്ചേരി സ്വദേശി കെ.പി.ഹംസയാണ് ആക്രമിക്കപ്പെട്ടത്. തുണിയിൽ കല്ല് കെട്ടിയും കൈ കൊണ്ടും ക്രൂരമായി മർദനമേറ്റ ഹംസ ആശുപത്രിയിൽ ചികിത്സ തേടി. കാട്ടാമ്പള്ളി സ്വദേശി പി.ടി.റഹീം എന്ന പൂച്ച റഹീം (55), ചിറക്കൽ ഓണപ്പറമ്പിലെ മണ്ഡൽ സൂരജ് (34), വളപട്ടണം മന്നയിലെ പി.അജിനാസ് (32), ചിറക്കൽ കാഞ്ഞിരത്തറയിലെ എൻ.പി.റാസിഖ് (30) എന്നിവരാണ് അറസ്റ്റിലായത്.
പരിചയക്കാരനായ ഹംസയെ റഹീം സ്ഥലം കാണിച്ച് തരാമെന്ന് പറഞ്ഞ് പുതിയതെരുവിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ചിറക്കൽ ബാലൻ കിണറിന് സമീപത്തെ സ്ഥലത്തെത്തിച്ച് മറ്റു 3 പേരുടെ കൂടി സഹായത്തോടെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് അവശനാക്കി കയ്യിലുണ്ടായിരുന്ന 2,66, 000 രൂപയും കാറും റാഡോ വാച്ചും കൈക്കലാക്കി അക്രമിസംഘം കടന്നു കളയുകയായിരുന്നു. ഹംസ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്ഐ ടി.എം.വിപിൻ എന്നിവരുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ സൂരജ്, അജിനാസ് എന്നിവരെ വൈകിട്ടോടെ ചിറക്കൽ ഓണപ്പറമ്പിനു സമീപത്തും നിന്നും പിടികൂടി.
2 പേർ ട്രെയിനിൽ കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് ആർപിഎഫിന്റെ സഹായത്തോടെ വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെയോടെയും പിടികൂടുകയായിരുന്നു. കവർന്ന 2,66,000 രൂപയിൽ 1,02,000 രൂപയും കാറും വാച്ചും കണ്ടെടുത്തു. റാസിഖ് ഒഴിച്ച് മറ്റു മൂന്നു പ്രതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ ഷമീം, എസ്‌സിപിഒമാരായ രമിത്ത്, ലജീഷ്, ജിജേഷ്, സിപിഒമാരായ കിരൺ, രൂപേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.