ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് ആരോപണം; ചൊക്ലി പൊലീസ് സ്റ്റേഷനിൽ ബഹളം
Mail This Article
പാനൂർ ∙ ഭിന്നശേഷിക്കാരനായ പ്ലസ് വൺ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്നാരോപിച്ച് സിപിഎം മേനപ്രം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കുട്ടിയുടെ ബന്ധുക്കളും പ്രവർത്തകരും ചൊക്ലി സ്റ്റേഷനിലെത്തി ഉദ്യോദഗസ്ഥരെ ചോദ്യം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.ജയേഷിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനിലെത്തിയത്. കാര്യം അന്വേഷിച്ചപ്പോൾ എഎസ്ഐ സുനിൽകുമാർ തട്ടിക്കയറിയതായി ജയേഷ് ആരോപിച്ചു. തുടർന്ന് സ്റ്റേഷനിൽ അൽപനേരം ബഹളമായി. മേനപ്രം കുറ്റിയിൽ പീടികയിലെ കുട്ടിയെ മർദിച്ചെന്നാണ് ആരോപണം.
നിർത്തിയിട്ട സൈക്കിൾ ഓടിച്ചു കൊണ്ടുപോയെന്നാണ് ആരോപണം. മോഷണം ആരോപിച്ച് വിദ്യാർഥിയുടെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിൽ കൊണ്ടുവന്നു. രണ്ടു മണിക്കൂർ സ്റ്റേഷനിലിരുത്തി. വിദ്യാർഥിയുടെ പിതാവ് വൈകിട്ട് സ്റ്റേഷനിലെത്തിയപ്പോൾ എഎസ്ഐ അപമര്യാദയായി പെരുമാറിയെന്ന് ജയേഷ് ആരോപിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് കുട്ടി. സ്റ്റേഷനിൽ കുട്ടിയെ പൊലീസ് മർദിച്ചെന്നും ജയേഷ് ആരോപിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം: സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് പരാതിക്കാരനും നാട്ടുകാരുമാണ് കുട്ടിയെ പൊലീസിൽ ഏൽപിച്ചത്. മോഷണം സംബന്ധിച്ച് സ്റ്റേഷനിൽ പരാതിയുണ്ട്. കുട്ടിയെ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് ഭിന്നശേഷിക്കാരനാണെന്നും 16 വയസ്സുകാരനാണെന്നും മനസ്സിലായത്. ഉടൻ കുട്ടിയെ പൊലീസ് വാഹനത്തിൽ തിരികെ വീട്ടിൽ എത്തിച്ചു.മർദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മറ്റൊരു സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി സ്റ്റേഷനിൽ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ പ്രകോപനമാണ് കുട്ടിയെ മർദിച്ചെന്ന ആരോപണത്തിനു കാരണമായത്.