പുലി മാത്രമല്ല, കരടിയും; ചെറുപുഴ എയ്യങ്കല്ലിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ
Mail This Article
ചെറുപുഴ∙ പുലിക്കു പിന്നാലെ, കരടിയെന്നു കരുതുന്ന ജീവികൂടി ജനവാസകേന്ദ്രത്തിൽ എത്തിയതോടെ മലയോര മേഖലയിൽ ആശങ്ക. ചെറുപുഴ പഞ്ചായത്തിലെ എയ്യങ്കല്ലിൽ മരാമത്ത് റോഡരികിൽ താമസിക്കുന്ന തുമ്പുങ്കൽ കുര്യന്റെ വീടിനു പിറകിലെ കൃഷിയിടത്തിലാണു ഇന്നലെ രാവിലെ 10.30ന് കരടിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. കുര്യന്റെ ഭാര്യ ഷേർളിയാണു ജീവിയെ ആദ്യം കണ്ടത്. തുടർന്നു കുര്യനും ജീവിയെകണ്ടു.
പിന്നീട് ഇവർ വീടിന്റെ ടെറസിൽ കയറി നോക്കിയപ്പോൾ ജീവി സമീപത്തെ മുത്തുവയലിൽ അൻസാരിയുടെ റബർ തോട്ടത്തിലേക്ക് കയറിപ്പോയി. സംഭവമുറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തംഗം വി.ഭാർഗവിയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, മൃഗം സഞ്ചരിച്ച വഴി കണ്ടെത്താനായി. തുടർന്നു തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല.
ജീവിയുടെ ദേഹം മുഴുവൻ കറുത്ത രോമമുണ്ടായിരുന്നെന്നും നാവിനു ചുവപ്പ് നിറമായിരുന്നെന്നും ദൃക്സാക്ഷികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഏതാനും ആഴ്ച മുൻപ് ചെറുപുഴ ഭൂദാനം റോഡരികിൽ പുലിയെ കണ്ടിരുന്നു. കരടിയും നാട്ടിലിറങ്ങിയെന്ന വാർത്ത പരന്നതോടെ ആളുകൾ വീടുകളിൽ നിന്നു പുറത്തിറങ്ങാൻ ഭയയ്ക്കുന്ന സാഹചര്യമാണ്. ജീവിയെ കണ്ട സമയത്ത് അൻസാരി തോട്ടത്തിൽനിന്നു റബർപാൽ ശേഖരിക്കുന്നുണ്ടായിരുന്നു.അതേസമയം, മലയോര മേഖലയിൽ കരടിയുടെ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നു തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷ് പറഞ്ഞു. വീട്ടുകാർ കരടിയെ കണ്ടെന്നു പറയുന്ന സാഹചര്യത്തിൽ 2 ദിവസം ജാഗ്രത പാലിക്കണമെന്നും പറഞ്ഞു.
പുലിയെപ്പിടിക്കാൻ കൂട് സ്ഥാപിച്ചു
വെള്ളോറ ∙ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച വെള്ളോറയിൽ വനം വകുപ്പ് പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചു. പുലിയെ ആദ്യം കണ്ടതായി പറയുന്ന പൊതുശ്മശാനത്തിന് സമീപത്താണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് പുലിയുടേതാണെന്നു തോന്നുന്ന കാൽപാട് കണ്ടിരുന്നു. കഴിഞ്ഞ ദിവസം താളിച്ചാലിൽ റോഡ് മുറിച്ചു കടക്കുന്ന പുലിയുടെ ദൃശ്യം വാഹനയാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. വെള്ളോറയിൽ സ്ഥാപിച്ച ക്യാമറകളിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല.