മണ്ണൂർ പാലത്തിനു സമീപം മാലിന്യം തള്ളുന്നു
Mail This Article
ഇരിക്കൂർ ∙ പുഴയിൽ മാലിന്യം തള്ളുന്നത് യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമാകുന്നു. മണ്ണൂർ പാലത്തിന് സമീപമാണ് മാലിന്യം തള്ളുന്നത്. പഴം, പച്ചക്കറി, പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെ പാലത്തിൽ നിന്ന് പുഴയിലേക്കും പുഴയോരത്തേക്കും വലിച്ചെറിയുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. നീരൊഴുക്ക് മുറിഞ്ഞ് തുരുത്തായി മാറിയ പുഴയിൽ പല സ്ഥലത്തും മാലിന്യം നിറഞ്ഞ ചാക്കുകെട്ടുകളുണ്ട്. വേനൽക്കാലത്ത് അലക്കാനും കുളിക്കാനുമായി ഒട്ടേറെ പേർ പുഴയെ ആശ്രയിക്കാറുണ്ട്. ഈ ഭാഗത്ത് ഉൾപ്പെടെയാണ് മാലിന്യം തള്ളുന്നത്. മഴക്കാലത്ത് ഒഴുകിപ്പോകാറുണ്ടെങ്കിലും നീരൊഴുക്ക് മുറിഞ്ഞതോടെ പലസ്ഥലത്തും മാലിന്യം തങ്ങിനിൽക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.