ആരുഷും അദ്വിക്കും സൂപ്പറാ; പാടത്തും പാഠത്തിലും
Mail This Article
ഇരിട്ടി ∙ പാടത്തും പാഠത്തിലും മികവാണ് ഈ സഹോദരങ്ങളുടെ പ്രത്യേകത. പുസ്തകം താഴെ വച്ചാൽ തൂമ്പ കയ്യിലെടുക്കും, തൂമ്പ താഴെ വച്ചാൽ പുസ്തകവും; ഇതാണ് മുരിങ്ങോടി നന്തിയോട്ടെ ഏഴാം ക്ലാസുകാരൻ ആരുഷ് ദേവിന്റെയും അഞ്ചാം ക്ലാസുകാരൻ ആദ്വിക് ദേവിന്റെയും ദിനചര്യ. സ്വാതന്ത്ര്യദിനത്തിൽ 40 ചട്ടികളിൽ പച്ചക്കറിത്തൈകൾ പിടിപ്പിച്ച് സഹപാഠികൾക്കു നൽകിയപ്പോൾ ആദ്വിക്കിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽവളർത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനു നൽകണം.
വിളക്കോട് യുപി സ്കൂൾ വിദ്യാർഥിയാണ് ആരുഷ് ദേവ്. രാവിലെ വീട്ടിൽ നിന്ന് 2 കിലോമീറ്റർ നടന്ന് പെരുമ്പുന്ന എത്തി അവിടെനിന്ന് 8 കിലോമീറ്റർ ബസ് യാത്ര ചെയ്തുവേണം സ്കൂളിലെത്താൻ. പെരുമ്പുന്ന ഗവ.എൽപി സ്കൂൾ വിദ്യാർഥിയാണ് ആദ്വിക്.സ്കൂളുള്ള ദിവസങ്ങളിൽ രാവിലെ സമയം കിട്ടാത്തതിനാൽ വൈകിട്ടും ശനിയും ഞായറുമാണു കൃഷിപ്പണി. രാവിലത്തെ ഇത്തിരി നേരം വീട്ടുമുറ്റത്തും കൃഷി ചെയ്യും. ചീരയും വെണ്ടയും അമരയും പച്ചമുളകുമാണു വീട്ടുമുറ്റത്തു വളർത്തുന്നത്. വീട്ടിൽ നിന്നു കുറച്ചുമാറി വയലിലെ കൃഷി വിൽപനയ്ക്കാണ്. അവിടെ വെണ്ട, വഴുതന, വെള്ളരി, ചീര, പയർ, കൂർക്ക, മരച്ചീനി തുടങ്ങിയവയുണ്ട്. വിളവെടുപ്പ് കഴിഞ്ഞതിനാൽ ഇപ്പോൾ ശീതകാല പച്ചക്കറിയുടെ നടീൽ തുടങ്ങി. അത്യാവശ്യ പരിചരണത്തിനു അമ്മാവൻ ഭാസ്കരനും ഉണ്ട്.
വിളക്കോട് യുപി സ്കൂളിലെ മികച്ച കർഷകനാണ് ആരുഷ്. ആരുഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം പേരാവൂർ ബ്ലോക്കിലെ മികച്ച പച്ചക്കറിത്തോട്ടമായി തിരഞ്ഞെടുത്തിരുന്നു. ആരുഷ് ദേവും സുഹൃത്ത് സാവൻ കെ.ബിനുവും ചേർന്നു കേരളത്തിലെ നാണ്യ വിളകളെ ഉപയോഗപ്പെടുത്തി നിർമിച്ച കേരളത്തിന്റെ ഭൗതിക ഭൂപടത്തിന് ഉപജില്ലാ ശാസ്ത്രോത്സവം സ്റ്റിൽ മോഡലിങ്ങിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. സംസ്കൃതോത്സവത്തിൽ ഉപജില്ലയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയിയ ആരുഷിന് എൽഎസ്എസ് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.കർഷകനായ മനോജിന്റെയും കാസർകോട്ട് കോടതി ജീവനക്കാരി രാലിനയുടെയും മക്കളാണ് ഇരുവരും.