പണിയും, തകരും, പിന്നെയും പണിയും; കൈവരി ഉറയ്ക്കാതെ വണ്ണായിക്കടവ് പാലം
Mail This Article
ശ്രീകണ്ഠപുരം∙ വേനലിൽ വണ്ണായിക്കടവ് പാലത്തിന് കൈവരി പണിയുകയും, മഴക്കാലത്ത് ശക്തമായ ഒഴുക്കിൽ പൊളിയുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്. വണ്ണായിക്കടവ് – നെല്ലിക്കുറ്റി റോഡിലെ പാലത്തിനാണ് ഈ അവസ്ഥ. ജില്ലാ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉള്ള റോഡാണിത്. 4 കിലോമീറ്റർ റോഡിന്റെ പയ്യാവൂരിൽ നിന്നുള്ള തുടക്കത്തിലാണ് ഈ പാലം. മഴക്കാലത്ത് കനത്ത നീരൊഴുക്കുള്ള തോടാണിത്.
പാലം ഉയർത്തിപ്പണിയണമെന്നും ഇവിടെ ചെറിയ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്നും ആവശ്യമുണ്ട്. നേരത്തെ ഇതിനായി എസ്റ്റിമേറ്റ് ഉണ്ടാക്കിയെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. മഴക്കാലത്ത് മിക്ക സമയത്തും കനത്ത മഴയുള്ളപ്പോൾ തോട്ടിലെ വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകും. അപ്പോഴാണ് കൈവരി പൊട്ടുക. രണ്ടും, മൂന്നും വർഷം കൂടുമ്പോൾ കൈവരി പുനർനിർമിക്കുമെങ്കിലും അടുത്ത മഴയിൽ തകരും. ഇപ്പോൾ തകർന്ന ഭാഗത്ത് മുള കൊണ്ട് കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്.