തെളിനീര് തീർത്ത് വൈറലായി രജീഷും വിദ്യാർഥികളും
Mail This Article
തളിപ്പറമ്പ്∙ കലക്കവെള്ളത്തെ എങ്ങനെ തെളിനീരാക്കാം എന്ന് കാഞ്ഞിരങ്ങാട് എൽപി സ്കൂൾ അധ്യാപകനായ രജീഷ് കെ.പറമ്പിൽ 3ാം ക്ലാസിലെ വിദ്യാർഥികളെ പരീക്ഷണം നടത്തി പഠിപ്പിച്ചപ്പോൾ 3 ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത് 21 ലക്ഷത്തിലേറെ പേർ. 3 ചിരട്ടകളിൽ കരിങ്കൽ ജില്ലിയും മണലും കരിയും നിറച്ച് അവ ഒന്നിന് മുകളിൽ ഒന്നായി വച്ച് മുകളിൽ കലങ്ങിയ വെള്ളം ഒഴിക്കുകയും അത് താഴെ തെളിഞ്ഞ വെള്ളമായി ഊറിവരികയും ചെയ്യുന്ന പ്രവർത്തനം വിദ്യാർഥികൾ അദ്ഭുതത്തോടെയാണ് കണ്ടത്. കലക്കവെള്ളം കരിയിലും മണലിലും ഒഴിച്ചാൽ അത് കൂടുതൽ മോശമാകുകയില്ലേ എന്നായിരുന്നു ആദ്യം വിദ്യാർഥികൾ ചോദിച്ചത്.
എന്നാൽ വെള്ളം തെളിഞ്ഞുവരുന്നത് അവർക്ക് പുതിയ അനുഭവമായിരുന്നുവെന്ന് രജീഷ് പറയുന്നു. പ്രവർത്തനത്തിന്റെ വിഡിയോ ക്ലാസ് ഗ്രൂപ്പിലും അധ്യാപക കൂട്ടായ്മയായ അധ്യാപകക്കൂട്ടം എന്ന ഫെയ്സ്ബുക് ഗ്രൂപ്പിലും പങ്കുവച്ചപ്പോഴാണ് വിഡിയോ വൈറലായത്. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വർധിപ്പിക്കാനും ശാസ്ത്രീയമായും ലളിതമായും പഠനപ്രവർത്തനങ്ങളെ സമീപിക്കാനുമാണ് ശ്രമിച്ചതെന്നു രജീഷ് പറയുന്നു. ആലക്കോട് സ്വദേശിയാണ് രജീഷ്.