ഷീ ലോഡ്ജ് വൈകിയാണെങ്കിലും തുറക്കുന്നു; വനിതകൾക്ക് സ്വാഗതം
Mail This Article
കണ്ണൂർ∙ അവസാനം കണ്ണൂർ കോർപറേഷന്റെ ഷീ ലോഡ്ജിന് ശാപമോക്ഷം. ഉദ്ഘാടനം ചെയ്ത് 11 മാസത്തിന് ശേഷം, ഷീ ലോഡ്ജ് ഈ മാസം 20ന് തുറന്ന് നൽകും. കഴിഞ്ഞ ഡിസംബർ 30ന് ആയിരുന്നു ഷീ ലോഡ്ജിന്റെ ഉദ്ഘാടനം. കാൽടെക്സ് ഗാന്ധി സർക്കിളിനടുത്താണ് ഷീ ലോഡ്ജ്. കോർപറേഷൻ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫർണിച്ചർ– ലിഫ്റ്റ് എന്നിവയ്ക്ക് 29 ലക്ഷവും ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചത്.
നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണുള്ള ഷീ ലോഡ്ജ് കെട്ടിടത്തിന് 336 സ്ക്വയർ മീറ്ററാണ് വിസ്തീർണം. മേയർ ചെയർമാനായും ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ വർക്കിങ് ചെയർമാനായും കോർപറേഷൻ സെക്രട്ടറി കൺവീനറുമായി 18 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്.
പഠനത്തിനും ജോലിക്കും എത്തിയിട്ടുള്ള ഒട്ടേറെ പേർ ഹോസ്റ്റലുകളെ ആശ്രയിക്കുന്നുണ്ട്. പലർക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഷീ ലോഡ്ജിലൂടെ ഈ പ്രയാസം പരിഹരിക്കാനാകുമെന്നാണു കോർപറേഷൻ കണക്കുകൂട്ടൽ.2 നില കെട്ടിടത്തിലാണ് ഹോസ്റ്റൽ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്.ഷീ ലോഡ്ജ് തുറക്കാത്തതിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പലവട്ടം എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു.
ഷീ ലോഡ്ജ്
36 ബെഡ്ഡുകളാണ് ഉള്ളത്. ഇതിൽ 10 എണ്ണം രാത്രികാലങ്ങളിൽ പെട്ടെന്ന് നഗരത്തിൽ എത്തുന്നവർക്കായി മാറ്റിവയ്ക്കും. ഡോർമട്രിയായാണ് ഉപയോഗിക്കാനാകുക. ഭക്ഷണം ഉൾപ്പെടെ ഒരുമാസത്തെ താമസത്തിന് 6000 രൂപയും ഭക്ഷണം ഇല്ലാതെ താമസത്തിന് മാത്രമായി 3000 രൂപയുമാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടെ ഒരു ദിവസത്തെ താമസത്തിന് 500 രൂപയും ഭക്ഷണം ഇല്ലാതെ ഒരു ദിവസത്തെ താമസത്തിന് 350 രൂപയുമാണ് ഈടാക്കുക. കണ്ണൂർ വിമൻസ് ഇംപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. ബുക്കിങ്ങിന്: 94464 09548, 94004 00339.